കൊച്ചിയില്‍ സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് വ്യാപകമായി ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണികളെ വലയിലാക്കി ഡാന്‍സാഫ്. ഒഡീഷയിലെ കഞ്ചാവ് കര്‍ഷകനും കൊച്ചിയിലെ ഇടപാടുകാരനായ ഇരുപത്തിനാലുകാരനുമാണ് പിടിയിലായത്. സൗത്ത് റെയില്‍വെ സ്റ്റേഷന്‍ പരിസത്തുവെച്ച് അഞ്ച് കിലോ കഞ്ചാവ് കൈമാറുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
കുണ്ടന്നൂര്‍ സ്വദേശി സച്ചിന്‍ കെ ബിനു, ഒഡീഷ സ്വദേശി ദുര്യോദന മാലിക് എന്നിവരെയാണ് ഡാന്‍സാഫ് സംഘം സൗത്ത് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്ന് രാവിലെ പിടികൂടിയത്. സച്ചിന്‍ നല്‍കിയ ഓര്‍ഡര്‍ പ്രകാരം കഞ്ചാവ് കൈമാറാനെത്തിയതായിരുന്നു ദുര്യോദന മാലിക്. രണ്ട് ബാഗുകളിലായി എത്തിച്ച അഞ്ച് കിലോ കഞ്ചാവും കാല്‍ലക്ഷത്തിലേറെ രൂപയും ഇരുവരില്‍ നിന്ന് കണ്ടെത്തി. കൊച്ചിയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിമരുന്ന് വിതരണം ചെയ്യുന്ന ലഹരിമാഫിയ സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സച്ചിനെന്ന് പൊലീസ് വ്യക്തമാക്കി. മാര്‍ച്ച് എട്ടിന് കൊച്ചി നഗരത്തില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ട് കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശി അമല്‍ ജോസിയെ ഡാന്‍സാഫ് അറസ്റ്റ് ചെയതിരുന്നു. അമല്‍ ജോസി നിയന്ത്രിച്ചിരുന്ന ലഹരിമാഫിയ സംഘത്തിലെ രണ്ടാമനാണ് പിടിയിലായ സച്ചിന്‍. കുണ്ടന്നൂര്‍, നെട്ടൂര്‍ കേന്ദ്രീകരിച്ച് ലഹരിയിടപാടുകള്‍ നടത്തിയിരുന്ന സച്ചിന്‍ ഡാന്‍സാഫ് സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇടനിലക്കാരെ ഒഴിവാക്കി ഒഡീഷയിലെ കഞ്ചാവ് കര്‍ഷകരില്‍ നിന്ന് ലഹരിമരുന്ന് വാങ്ങുന്നതാണ് സംഘത്തിന്‍റെ രീതി. ഇതനുസരിച്ചാണ് ദുര്യോദന മാലിക് കഞ്ചാവ് എത്തിച്ചത്.
ഒഡീഷയില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് ഒളിസങ്കേതങ്ങളില്‍ ശേഖരിച്ച് ചെറുപൊതികളാക്കിയാണ് വിദ്യാര്‍ഥികള്‍ക്ക് വില്‍പന. അമല്‍ ജോസി പിടിയിലായതിന് ശേഷം ലഹരിയിടപാടുകള്‍ സച്ചിനാണ് നിയന്ത്രിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇടനിലക്കാരെ ഒഴിവാക്കി ഒഡീഷയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് കഞ്ചാവെടുക്കുന്നതോടെ ഇരുപതിരട്ടിവരെ ലാഭത്തിലാണ് സംഘത്തിന്‍റെ ലഹരിക്കച്ചവടം. കൂടുതല്‍പേര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.