പാസ്പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞ സംഭവത്തില്‍ 51കാരന്‍ പിടിയില്‍. പൂണെ സ്വദേശിയായ വിജയ് ഭലേറാവുവാണ് മുംബൈ വിമാനത്താവളത്തില്‍ പിടിയിലായത്. ബാങ്കോക്കിലേക്ക് നാലുവട്ടം യാത്ര പോയ വിവരം ഭാര്യയില്‍ നിന്നും മറച്ച് വയ്ക്കുന്നതിനായാണ് പാസ്പോര്‍ട്ടിലെ പേജുകള്‍ കീറിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 

വിജയ്​യുടെ പാസ്പോര്‍ട്ടിലെ 17,18 പേജുകളും 21 മുതല്‍ 26 വരെയുള്ള പേജുകളും കാണാതായതോടെയാണ് സംശയമുണ്ടായത്. ഇതിന് മുന്‍പുള്ള പേജുകളില്‍ തായ്​ലന്‍ഡ് സന്ദര്‍ശിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നുവെന്ന് അസിസ്റ്റന്‍റ് ഇമിഗ്രേഷന്‍ ഓഫിസര്‍ രാജിവ് കുമാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ചോദ്യം ചെയ്യലില്‍ തുടക്കില്‍ വിജയ് നിസഹകരിച്ചെങ്കിലും തുടര്‍ന്ന് തുറന്ന് പറയുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് എമിഗ്രേഷന്‍ വിഭാഗം വിജയ്​യെ പിടികൂടുന്നത്. കഴിഞ്ഞ വര്‍ഷം നാലുവട്ടം ബാങ്കോക്കിലേക്ക് പോയത് കൂടാതെ ഈ മാസവും മുംബൈ വിമാനത്താവളത്തില്‍ നിന്നും വിജയ് ഇന്തൊനേഷ്യയിലേക്ക് പോയിരുന്നതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.  തുടര്‍ന്ന് വിജയ്​യെ സഹര്‍ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും പാസ്പോര്‍ട്ട് നിയമവും ഭാരതീയ ന്യായ് സംഹിതയുമനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തുകയും ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A 51-year-old man from Pune, Vijay Bhale, was arrested at Mumbai Airport for tearing pages from his passport to hide multiple Bangkok trips from his wife.