വ്യാജഗര്‍ഭം ഭര്‍തൃവീട്ടില്‍ പിടിക്കപ്പെടാതിരിക്കാന്‍ നവജാതശിശുവിനെ ആശുപത്രിയില്‍ നിന്നും മോഷ്ടിച്ചു കടത്തിയ യുവതി പിടിയില്‍. ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ നിന്നും ചൊവ്വാഴ്ചയാണ് ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ യുവതി തട്ടിയെടുത്തത്. അധികൃതരുടെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടലാണ് കുഞ്ഞിനെ വീണ്ടെടുക്കാന്‍ സഹായിച്ചത്. സംഭവത്തില്‍ മാളവ്യനഗര്‍ സ്വദേശിയായ പൂജയെന്ന യുവതിയാണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് ഒരു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. 14–ാം തീയതി തന്‍റെ ഭാര്യ പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണുന്നില്ലെന്നായിരുന്നു പരാതി. ചുറ്റുപാടും അന്വേഷിച്ചിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് പൊലീസില്‍ വിവരം അറിയിച്ചത്.
പൊലീസെത്തി ആശുപത്രിയിലെ സിസിടിവി വിശദമായി പരിശോധിച്ചു. ഇതില്‍ മുഖം പാതി മറച്ച നിലയില്‍ ഒരു സ്ത്രീനടന്ന് പോകുന്നത് കണ്ടു. വിശദമായ പരിശോധനയില്‍ ഇവര്‍ പ്രദേശത്ത് ചുറ്റിപ്പറ്റി നടക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. യുവതി എയിംസ് മെട്രോ സ്റ്റേഷനില്‍ നിന്ന് സമയ്പുറിലേക്ക് യാത്ര ചെയ്യുന്നതായും അവിടെ നിന്നും മെട്രോ മാറിക്കയറി പഞ്ച്ശീല്‍ ഫ്ലൈഓവര്‍ ഭാഗത്തേക്ക് കുട്ടിയുമായി പോകുന്നതിന്‍റെയും ദൃശ്യങ്ങള്‍ വീണ്ടെടുത്തു. തിരഞ്ഞെത്തിയ പൊലീസ് പൂജയെ കയ്യോടെ പിടികൂടുകയായിരുന്നു.
വിശദമായി ചോദ്യം ചെയ്തതോടെയാണ് കൃത്യമായ ആസൂത്രണത്തിനൊടുവില്‍ നടത്തിയ തട്ടിക്കൊണ്ടുപോകല്‍ യുവതി തുറന്നു പറഞ്ഞത്. കഴിഞ്ഞ ഒന്‍പത് മാസവും താന്‍ ഗര്‍ഭിണിയാണെന്ന് അഭിനയിച്ച് നടക്കുകയായിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷമായിട്ടും യുവതിക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം യുവതി, താന്‍ ഗര്‍ഭിണിയാണെന്ന് ഭര്‍തൃവീട്ടുകാരോട് പറഞ്ഞ ശേഷം സ്വന്തം വീട്ടിലേക്ക് പോയി. 14–ാം തീയതി സഫ്ദര്‍ജങ് ആശുപത്രിയില്‍ അഡ്മിറ്റാവുകയാണെന്ന് പറഞ്ഞ് സ്വന്തം വീട്ടില്‍ നിന്നുമിറങ്ങി. ഇവിടെ നിന്നും നവജാതശിശുവിനെ തട്ടിയെടുത്ത ശേഷം ഭര്‍തൃവീട്ടിലേക്ക് പോവുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.