ഇടുക്കി തൊടുപുഴയിൽ മദ്യലഹരിയിൽ വളർത്തു നായക്ക് ഉടമയുടെ ക്രൂര മർദനം. ശരീരമാകെ വെട്ടിപ്പരുക്കൽപ്പിച്ച് നായയെ തെരുവിൽ ഉപേക്ഷിച്ചു. സംഭവത്തിൽ മുതലക്കോടം സ്വദേശി ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. ഗുരുതര പരുക്കേറ്റ നിലയിൽ തൊടുപുഴ മുതലക്കോടത്ത് നിന്നാണ് കഴിഞ്ഞ ദിവസം നായയെ കണ്ടെത്തിയത്. വഴി യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് അനിമൽ റെസ്‌ക്യു ടീം അംഗങ്ങളായ കീർത്തി ദാസ്, മഞ്ജു എന്നിവർ സ്ഥലത്തെത്തി നായയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
മദ്യലഹരിയിൽ മുതലക്കോടം സ്വദേശി ഷൈജു തോമസ് നായയെ വെട്ടിയതാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അനിമൽ റെസ്ക്യു ടീമിന്റെ പരാതിയിലാണ് ഇയാൾക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തത്. ദേഹത്ത് പത്തോളം വെട്ടേറ്റ നായയെ ശാസ്ത്രക്രിയ ചെയ്തതിന് ശേഷം അഭയ കേന്ദ്രത്തിലേക്ക് മാറ്റും.