യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ വ്യാജ പാസ്റ്ററെ പിടികൂടാന്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടി പൊലീസ്. ഗ്രേസ് ഇന്‍റര്‍നാഷനല്‍ റിക്രൂട്ടിങ് ഏജന്‍സിയുടെ മറവില്‍ തട്ടിപ്പ് നടത്തിയ കോതമംഗലം സ്വദേശി ഹെന്‍റി കെ.പൗലോസിനെതിരെയാണ് അന്വേഷണം. കോതമംഗലത്ത് മാത്രം മുപ്പത് പേരാണ് തൊഴില്‍ തട്ടിപ്പിന് ഇരകളായത്.
പെരുമ്പാവൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് വ്യാജ പാസ്റ്റര്‍ ഹെന്‍റി തട്ടിയത് പതിനാല് ലക്ഷം രൂപ. യുകെയില്‍ ആരോഗ്യ മേഖലയില്‍ മൂന്നരലക്ഷം ശമ്പളമുള്ള ജോലിയായിരുന്നു വാഗ്ദാനം. വിശ്വസിപ്പിക്കാന്‍ ഓഫര്‍ ലെറ്ററടക്കം അയച്ചു നല്‍കി. ഇമിഗ്രേഷന്‍ നടപടികള്‍ക്കായി ഡല്‍ഹിയിലെത്തിയപ്പോളാണ് തട്ടിപ്പ് പുറത്തായത്.
കോതമംഗലത്ത് മാത്രം ഇത്തരത്തില്‍ തട്ടിപ്പിനിരയായത് മുപ്പതിലേറെ പേരാണ്. വിസ വിതരണമെന്ന പേരില്‍ വലിയ പരിപാടിയടക്കം സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. കഴിഞ്ഞ വര്‍ഷം ആദ്യം കോതമംഗലം പൊലീസ് ഹെന്‍റിക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഹെന്‍റിയെ തൊട്ടില്ല. തട്ടിപ്പിനിരയായവര്‍ ദുരിതമനുഭവിക്കുമ്പോള്‍ തട്ടിപ്പുകാരന്‍ ഹെന്‍റി കുടുംബസമേതം വിദേശത്താണ്.
ലുക്കൗ്ട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയെങ്കിലും ഹെന്‍റി ഇപ്പോളും കാണാമറയത്താണ്. യുകെയില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് ഹെന്‍റി കളംമാറ്റിയെന്ന വിവരം ലഭിച്ചതോടെയാണ് കോതമംഗലം പൊലീസ് ഇന്‍റര്‍ പോളിന്‍റെ സഹായം തേടിയത്.