കുടിവെള്ളത്തിനായുള്ള വഴക്കില്‍ കേന്ദ്രമന്ത്രിയുടെ അനന്തരവനെ സഹോദരന്‍ വെടിവച്ചുകൊന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവനാണ് കൊല്ലപ്പെട്ടത്.
ബിഹാര്‍ ബാഗല്‍പൂര്‍ ജില്ലയിലെ നൗഗാചിയയിലാണ് സംഭവമരങ്ങേറിയത്. സഹോദരങ്ങളായ വിശ്വജീത്തും ജയ്ജീത്തും ടാപ്പിലെ വെള്ളത്തെക്കുറിച്ച് തര്‍ക്കിക്കുകയായിരുന്നു. തര്‍ക്കം മൂര്‍ച്ചിച്ച് തമ്മിലടിയാവുകയും ഇത് വെടിവയ്പ്പില്‍ കലാശിക്കുകയുമായിരുന്നു. ഇരുവരും പരസ്പരം വെടിവച്ചു. തടയാനെത്തിയ അമ്മ ഹീനദേവിക്ക് കൈക്ക് വെടിയേറ്റു.
വെടിയേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലു വിശ്വജീത്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു. ജയ്ജീത്ത് അത്യാസന്നനിലയിലാണ്.
സ്ഥലം പരിശോധിച്ച പൊലീസിന് തോക്കിന്‍റെ തിരയുടെ ഷെല്ലുകള്‍ ലഭിച്ചു.