വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിൽ പെട്ടെന്നുള്ള പ്രകോപനമായത് 50,000 രൂപ കടം ചോദിച്ചിട്ട് ബന്ധുക്കൾ നൽകാത്തതാണെന്ന് പ്രതി അഫാൻ്റെ അമ്മ ഷെമീന മൊഴി നൽകി.
കൊലപാതകങ്ങൾ നടന്നതിൻ്റെ തലേദിവസം അഫാനും ഷെമീനയും കൂടി തട്ടത്തുമലയിലുള്ള ബന്ധുവിൻ്റെ വീട്ടിലെത്തി 50,000 രൂപ കടം ചോദിച്ചു. പണം നൽകാതിരുന്ന അവർ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. മൂന്ന് മണിക്കൂറോളം കേണപേക്ഷിച്ചിട്ടും പണം നൽകിയില്ല. പിറ്റേ ദിവസം ഫോൺ വിളിച്ചും പണം ചോദിച്ചു. അപ്പോഴും നിരസിച്ചു. ഇതോടെയാണ് അഫാൻ തന്നെ ആക്രമിച്ച് കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടതെന്നാണ് ഷെമീനയുടെ മൊഴി.
കട്ടിലിൽ നിന്ന് വീണാണ് തനിക്ക് പരുക്കേറ്റതെന്ന് ഇതുവരെ പറഞ്ഞിരുന്ന ഷെമീന ആദ്യമായാണ് അഫാൻ ആക്രമിച്ചെന്ന് സമ്മതിക്കുന്നത്. അമ്മ ക്ഷമിക്കണമെന്ന് പറഞ്ഞ ശേഷം കഴുത്തിൽ ഷാൾ കുരുക്കി നിലത്തടിക്കുകയായിരുന്നുവെന്നാണ് മൊഴി. കുടുംബം കൂട്ട ആത്മഹത്യക്ക് ആലോചിച്ചിരുന്നുവെന്നും ഇളയ മകനൊപ്പം ആത്മഹത്യാ വിഡിയോകൾ കണ്ടിരുന്നുവെന്നും ഷെമീന പറഞ്ഞു.