കണ്ണൂര്‍ പാപ്പിനിശേരിയില്‍ നാലുമാസം പ്രായമുള്ള കുട്ടിയുടെ മരണം വെള്ളത്തില്‍ മുങ്ങിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പിതാവിന്‍റെ സഹോദര പുത്രിയായ പന്ത്രണ്ടുകാരിയാണ് പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത്. തമിഴ് ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകളുടെ മരണത്തിലാണ് ഒടുവില്‍ ചുരുളഴിഞ്ഞത്. കുഞ്ഞിനോട് സ്നേഹം കൂടിയപ്പോള്‍ തന്നോടുള്ള സ്നേഹം കുറഞ്ഞെന്ന് വിശ്വസിച്ചതാണ് പന്ത്രണ്ടുകാരിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. നാലുവയസുകാരിയുടെ മൃതദേഹം പാപ്പിനിശേരി പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്കരിക്കും.
ആക്രിക്കച്ചവടം ചെയ്ത് ജീവിച്ചിരുന്ന ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നോടെ കുഞ്ഞിന്‍റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത് മുതലുള്ള ദുരൂഹതയാണ് പകലവസാനിക്കും മുമ്പേ തീര്‍ന്നത്. പിതാവിന്‍റെ മരണത്തോടെ പന്ത്രണ്ടുകാരിയെ നാട്ടില്‍ നിന്ന് കൂടെ കൊണ്ടുവന്നതാണ് മരിച്ച കുഞ്ഞിന്‍റെ അച്ഛന്‍. ചെറുപ്പത്തില്‍ അമ്മ ഉപേക്ഷച്ചുപോയതിനാല്‍ പെണ്‍കുട്ടിക്ക് മാതൃവാത്സ്യല്യം കിട്ടിയിരുന്നില്ല. ആ സ്നേഹവും ലാളനയും കിട്ടിയത് വളര്‍ത്തച്ഛനില്‍ നിന്നും വളര്‍ത്തമ്മയില്‍ നിന്നുമായിരുന്നു. സ്നേഹസമ്പന്നമായ ആ ജീവിതത്തിനിടയിലേക്കാണ് ഒരു കുഞ്ഞുകൂടി വന്നത്. ആദ്യ സന്താനത്തിന് സ്നേഹത്തിന്‍റെ നല്ലൊരു പങ്കും ആ മാതാപിതാക്കള്‍ നല്‍കിയപ്പോള്‍ വളര്‍ത്തുമകളായ തന്നോടുള്ള സ്നേഹം കുറഞ്ഞെന്നാണ് പന്ത്രണ്ടുകാരിയുടെ മൊഴി. ഇതാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
രാത്രി മൂത്രമൊഴിക്കാനിറങ്ങിയപ്പോള്‍ അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ തിരിച്ചെത്തിയപ്പോള്‍ കാണാനില്ല എന്നായിരുന്നു പെണ്‍കുട്ടി ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് പലതവണയായി ചോദിച്ചപ്പോഴാണ് കുട്ടി കുറ്റം സമ്മതിച്ചത്. പുറത്തുനിന്ന് വാതില്‍ തുറക്കാന്‍ കഴിയാത്ത ക്വാര്‍ട്ടേഴ്സില്‍ നിന്ന് കുഞ്ഞ് പുറത്തുപോയതില്‍ പന്ത്രണ്ടുകാരിയുടെ പങ്ക് മാതാപിതാക്കള്‍ സംശയിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ നടുങ്ങിയിരിക്കുകയാണ് മാതാപിതാക്കളും കുടുംബവും. പന്ത്രണ്ടുകാരിയ്ക്ക് കുഞ്ഞിനോടും കുട്ടിയുടെ അച്ഛനോടും നല്ല സ്നേഹമായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്