febin-death

പ്രതി തേജസ് രാജ് വീട്ടിലേക്ക് എത്തിയതു പർദ ധരിച്ചെന്നു കൊല്ലപ്പെട്ട ഫെബിന്റെ അമ്മ ഡെയ്സി. സംഭവസമയത്ത് പുറത്തേക്കിറങ്ങി നാട്ടുകാരെ വിളിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. കുത്തേറ്റ ഫെബിന്‍ രക്തത്തില്‍ കുളിച്ച് ഓടിവന്ന് വീഴുകയായിരുന്നെന്നും ഡെയ്സി മനോരമ ന്യൂസിനോട് പറഞ്ഞു. 

ഡെയ്സിയുടെ വാക്കുകള്‍ ഇങ്ങനെ:

'കോളിങ് ബെല്ലടികേട്ട് ഞങ്ങള്‍ വാതില്‍ തുറന്നു. അന്ന് ഒരു കസിന്‍ വന്നതിനാല്‍ പട്ടിയെ കൂട്ടിലാക്കിയിരിക്കുകയായിരുന്നു. വാതില്‍ തുറന്നപാടെ പര്‍ദയിട്ട ഒരാള്‍ അകത്തേയ്ക്ക് കയറി. ജോര്‍ജ് ചോദിച്ചു എന്താണെന്ന്. ഈ സമയത്ത് ഞാന്‍ അകത്ത് ഇരിക്കുകയായിരുന്നു. പര്‍ദയാണ് അയാള്‍ ധരിച്ചിരുന്നതെങ്കിലും മുഖം കണ്ടതോടെ ആളെ തിരിച്ചറിഞ്ഞു. ഇയാള്‍ വീട്ടിനകത്ത് കയറിയപാടെ കയ്യിലിരുന്ന ഒരു വെളളമെടുത്ത് ഒഴിച്ചു. ഒഴിച്ചത് പെട്രോള്‍ ആണെന്ന് എനിക്ക് തോന്നുന്നു. സ്മെല്‍ ഉണ്ടായിരുന്നു. തേജസ് എന്തോ ചെയ്യാന്‍ തുടങ്ങിയപ്പോ എന്‍റെ മോന്‍ അയാളെ ഇടിച്ചു. ഈ സമയത്ത് ഞാന്‍ ഓടി പുറത്തിറങ്ങി ആളുകളെ വിളിച്ചു. പക്ഷേ ആരും വന്നില്ല. ബൈക്കില്‍ വന്നവരൊക്കെ ഇങ്ങനെ നോക്കിക്കോണ്ടിരുന്നു. ഞാന്‍ പറയുന്നത് കേള്‍ക്കുന്നതല്ലാതെ ആരും ഒന്ന് ഇറങ്ങിവന്നില്ല. അപ്പോഴേയ്ക്കും അവനെക്കുത്തി. രക്തം ഇങ്ങനെ വെളളം പോലെ ഒഴുകുവായിരുന്നു. അവന്‍ ഓടി വന്ന് വീണു. അപ്പോള്‍ ജോര്‍ജ് പറഞ്ഞു എനിക്കും കുത്തുകൊണ്ടെന്ന്'- ഡെയ്സി പറഞ്ഞു. 

ഇന്നലെയാണ് ഫാത്തിമാ മാതാ നാഷനൽ കോളജ് രണ്ടാം വർഷം ബി.സി. എ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസ് (21) കുത്തേറ്റു മരിച്ചത്. പ്രതി തേജസ്സ് രാജിനെ (23) പിന്നീട് ചെമ്മാൻമുക്ക് റെയിൽവേ ഓവർബ്രിജിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊലയ്ക്ക് കാരണം പ്രണയപ്പകയാണെന്നാണ് എഫ്.ഐ.ആര്‍. കൊല്ലപ്പെട്ട ഫെബിന്‍റെ സഹോദരി ഫ്ലോറിയും തേജസും  പ്രണയത്തിലായിരുന്നു. യുവതിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചതാണ് വിരോധത്തിന് കാരണം. ഫെബിനെയും മാതാപിതാക്കളെയും കൊലപ്പെടുത്താനാണ് തേജസ് എത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.