കോഴിക്കോട് വടകരയിൽ മോഷ്ടിച്ച 6 ബൈക്കുകളുമായി 5 സ്കൂൾ കുട്ടികൾ പിടിയിൽ. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ വിദ്യാർത്ഥികളാണ് മോഷ്ടിച്ച ബൈക്കുകളുമായി വടകര പൊലീസിന്‍റെ പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും മോഷ്ടിച്ച ബൈക്കുകൾ ഇവരിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.
വടകരയിലെ വിവിധ സ്കൂളുകളിൽ ഒൻപത്,പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പൊലീസിന്‍റെ പിടിയിലായത്. വിവിധ ഇടങ്ങളിൽ നിർത്തിയിടുന്ന ബൈക്കുകൾ മോഷ്ടിക്കുകയും അവ രൂപമാറ്റം വരുത്തി വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ഉപയോഗിക്കുന്നതായിരുന്നു രീതി. വടകര പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്. ബൈക്കുകളുടെ പൂട്ട് പൊട്ടിച്ചായിരുന്നു മോഷണം. പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികളായതിനാൽ ഇവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കും.