പാതിവിലത്തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍.ആനന്ദകുമാര്‍ പിടിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനന്തുകൃഷ്ണനില്‍ നിന്ന് ഒരു കോടി എഴുപത്തി മൂന്ന് ലക്ഷം രൂപ ആനന്ദകുമാര്‍ കൈപ്പറ്റിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
ഒന്നും അറിയില്ലെന്നായിരുന്നു പാതിവിലത്തട്ടിപ്പ് ഉയര്‍ന്നതിന് പിന്നാലെ മനോരമ ന്യൂസിനോടുള്ള ആനന്ദകുമാറിന്‍റെ പ്രതികരണം. എന്നാല്‍ ഒന്നാം പ്രതി അനന്തുകൃഷ്ണനേപ്പോലെ തന്നെ ആനന്ദകുമാറിനും മുഖ്യപങ്കെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വാദം. ഇതുവരെയുള്ള അന്വേഷണത്തില്‍ ഒരു കോടി 73 ലക്ഷം രൂപ ആനന്ദകുമാറിന്‍റെ അക്കൗണ്ടിലേക്കെത്തിയെന്ന് കണ്ടെത്തി. രണ്ടായിരത്തോളം സംഘടനകളെ തട്ടിപ്പിലേക്ക് ആകര്‍ഷിച്ചതില്‍ അനന്തുകൃഷ്ണനേക്കാള്‍ പങ്ക് ആനന്ദകുമാറിനെന്നും വാദിച്ചു. ഇതോടെയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ തളളിയത്.
തൊട്ടുപിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്തെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. വാഹനത്തിലേക്ക് കയറാന്‍ നേരം ശാരീരിക ബുദ്ധിമുട്ടുണ്ടായതോടെ ആശുപത്രിയിലേക്ക് മാറ്റി. കാര്‍ഡിയോ ഐ.സിയയുവില്‍ അഡ്മിറ്റാക്കിയതോടെ പൊലീസ് നരീക്ഷണത്തില്‍ തുടരുകയാണ്. ആശുപത്രിയില്‍ നിന്ന് മാറ്റിയാല്‍ എറണാകുളത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി വിശദമായി ചോദ്യം ചെയ്യും. ഇതോടെ തട്ടിപ്പില്‍ ഓരോരുത്തര്‍ക്കും ലഭിച്ച തുകയുടെ പങ്ക് വ്യക്തമാകുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷ.