TOPICS COVERED

മലപ്പുറം കരിപ്പൂരിനടുത്ത വീട്ടിൽ കാർഗോ മാർഗമെത്തിയത് വലിയ തൂക്കത്തിലുള്ള എംഡിഎംഎ. കൊച്ചി മട്ടാഞ്ചേരിയിൽ അര കിലോ എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പിടിയിലായ മുക്കൂട് മുള്ളൻ മടക്കൽ ആഷിഖിന്‍റെ കരിപ്പൂരിലെ വീട്ടിൽ നിന്നാണ് 1598 ഗ്രാം പൊലീസ് പിടികൂടിയത്. 

ഒമാനിൽ നിന്ന് ചെന്നൈയിൽ വഴി ആഷിഖിന്‍റെ വീട്ടിലെത്തിയ പാഴ്സലിലാണ് 1598 ഗ്രാം എംഡിഎംഎ സൂക്ഷിച്ചത്. ഭാര്യയുടെ വസ്ത്രങ്ങൾക്കുള്ളിലും  സൗന്ദര്യ വർധക വസ്തുക്കൾക്കുള്ളിലും  ഭക്ഷണസാധനങ്ങൾക്കുള്ളിലും ഒളിപ്പിച്ചാണ് കടത്തിയത്. കഴിഞ്ഞ ദിവസം ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സ്ത്രീകളടക്കം എട്ട് പേരെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികൾ നൽകിയ വിവരപ്രകാരമാണ് ഒമാനിൽ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന കരിപ്പൂർ സ്വദേശി ആഷിക് അരക്കിലോ എംഡിഎംഎയുമായി അറസ്റ്റിൽ ആവുന്നത്. ആഷിഖിനെ കേന്ദ്രീകരിച്ച് നടത്തിയ തുടരന്വേഷണത്തിലാണ് വീട്ടിൽ കാർഗോ മാർഗ്ഗം എത്തിയ 1598 ഗ്രാം പാഴ്സലിനെ കുറിച്ചുള്ള വിവരം ലഭിച്ചത്.

ഒമാൻ വഴി ഇന്ത്യയിലേക്ക് കരിയർമാരെ ഉപയോഗിച്ച് എംഡിഎംഎ അയക്കുന്ന സംഘത്തിലെ പ്രധാനിയാണ് ആഷിഖ്. ആഷിക് ഉൾപ്പെടുന്ന ലഹരി സംഘവുമായി ഒമാൻ പൗരന്മാർക്കും നേരിട്ട് ബന്ധമുണ്ടെന്നാണ് വിവരം. സംഘത്തിലെ മറ്റു പ്രധാനികൾക്ക് വേണ്ടിയും അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

A large consignment of MDMA was seized from a house near Karipur, Malappuram, which had arrived via cargo. Authorities are investigating the smuggling network behind the drug trafficking operation, raising concerns over increased narcotics inflow in the region.