postmortem-report-shanid

TOPICS COVERED

നാട്ടില്‍ ആരോടും മിണ്ടാറില്ല. ജോലിക്കും പോവാറില്ല. ഇങ്ങനെയാണ് കോഴിക്കോട് താമരശേരിയില്‍ ലഹരിമരുന്ന് പാക്കറ്റുകള്‍ വിഴുങ്ങി മരിച്ച ഷാനിദിനെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത്. മൈക്കാവിലുള്ള  സാധാരണകുടുംബത്തിലെ മൂത്തകുട്ടിയാണ് ഷാനിദ്.  കുറച്ചുവര്‍ഷമായി മുത്തശിക്കൊപ്പം അമ്പയത്തോടിലായിരുന്നു താമസം. ഒറ്റയ്ക്ക് താമസിക്കുന്ന മുത്തശിക്ക് കൂട്ടായാണ് ഷാനിദ് അമ്പയത്തോടില്‍ എത്തുന്നത്. ഇവിടെവെച്ച് സ്ഥിരമായി ലഹരിമരുന്ന്  ഉപയോഗിക്കാറുണ്ടായിരുന്നു. ജോലിക്കായി ദുബായില്‍ പോയിരുന്നെങ്കിലും നാലുവര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തി. പിന്നീട് ലഹരിമരുന്ന് ഉപയോഗം പതിവാക്കി. മാതാവ് ജോലിക്കുപോയി ലഭിച്ചിരുന്ന പണം പോലും പിടിച്ചുവാങ്ങി ലഹരിമരുന്ന് വാങ്ങാനായി ഷാനിദ് കൊണ്ടുപോവാറുണ്ടായിരുന്നുവെന്ന് ബന്ധുകള്‍ പറയുന്നു. ഡ്രൈവറായിരുന്ന പിതാവിനും ഷാനിദിനെ നേര്‍വഴിക്ക് നടത്താനായില്ല. 

​നാട്ടിലെ മിതഭാഷി

മൈക്കാവും അമ്പയത്തോടും ഷാനിദിന് അടുത്ത കൂട്ടുകാരുണ്ടായിരുന്നില്ല. അധികം ആരോടും മിണ്ടാറുമില്ല. പക്ഷേ വീട്ടിലും പരിസരങ്ങളിലും സ്ഥിരമായി ഷാനിദിനെ കാണാന്‍ രാത്രികാലങ്ങളില്‍ പലരും എത്താറുണ്ടായിരുന്നു. ഇവര്‍ ആരാണെന്നോ എന്തിനാണ് വരുന്നതെന്നും കുടുംബത്തിനുമറിയില്ല. ജോലിക്കൊന്നും ഷാനിദ് പോവാറുണ്ടായിരുന്നില്ല. ഷാനിദ് അമ്പയാത്തോട് പ്രദേശത്ത് സ്ഥിരമായി ലഹരിമരുന്ന് വില്‍പ്പന നടത്താറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഷാനിദിന്‍റെ പേരില്‍ ഇതിനുമുമ്പും കോടഞ്ചേരി, താമരശേരി പൊലീസ് സ്റ്റേഷനുകളില്‍ ലഹരി എന്‍ഡിപിഎസ് കേസുകളുണ്ട്. ആവശ്യക്കാര്‍ക്കുള്ള ലഹരിമരുന്ന് പാക്കറ്റുകളിലാക്കി വൈദ്യുതതൂണുകള്‍ക്ക് താഴെ വെച്ചായിരുന്നു ഷാനിദിന്‍റെ ലഹരിവില്‍പ്പനയെന്നാണ് പൊലീസ് പറയുന്നത്. പണമിടപാടുകള്‍ ഗൂഗിള്‍ പേയിലൂടെയും. ഇത്തരത്തില്‍ ആവശ്യക്കാര്‍ക്കുള്ള പാക്കറ്റുമായി എത്തിയപ്പോഴാണ് ഷാനിദ് പിടിയിലായത്. മരണശേഷം ഷാനിദിന്‍റെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 

വിഴുങ്ങിയത് രണ്ട് പാക്കറ്റ് 

വെള്ളിയാഴ്ച  പതിവുപരിശോധനയ്ക്കിടെയാണ് സംശയസ്പദമായ സാഹചര്യത്തില്‍    ഷാനിദിനെ അമ്പയത്തോടെ മേലെ പള്ളിക്ക് സമീപത്തുവെച്ച് താമരശേരി പൊലീസ് കാണുന്നത്. ക പൊലീസിനെ കണ്ടയുടന്‍ പാക്കറ്റ് വിഴുങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.പിന്തുടര്‍ന്ന് പിടിച്ചപ്പോഴാണ് വിഴുങ്ങിയത് ലഹരിമരുന്ന് പാക്കറ്റ് ആണെന്ന് ഷാനിദ് പറയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. ഒമ്പത് ഗ്രാമിന്‍റെ കഞ്ചാവും എംഡിഎംഎ പോലുള്ള ലഹരിമരുന്നിന്‍റെയും രണ്ട് പാക്കറ്റുകള്‍ വയറ്റിനുള്ളിലുണ്ടെന്ന് എന്‍ഡോസ്കോപ്പിയിലൂടെ കണ്ടെത്തി. എന്നാല്‍ അടിയന്തരമായി ശസ്ത്രക്രിയ നടത്താനായി സമ്മതപത്രത്തില്‍ ഷാനിദ് ഒപ്പുവെച്ചില്ല. ഇതേ തുടര്‍ന്ന് നിയമവിദഗദ്ധരുമായി ആലോചിച്ച് ശസ്ത്രക്രിയ നടത്താനായിരുന്നു പൊലീസിന്‍റെ തീരുമാനം. പക്ഷേ, അതിനുമുമ്പേ ആരോഗ്യനില വഷളയതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെ ഷാനിദ് മരിച്ചു.

ENGLISH SUMMARY:

Residents describe Shanid, who died after swallowing drug packets in Thamarassery, Kozhikode, as a quiet individual who rarely socialized or worked. He was the eldest son of an ordinary family in Maikkavu.