വൈക്കം റ്റി.വി. പുരത്ത് വീട്ടില്‍ നിന്ന് പിടികൂടിയ മദ്യകുപ്പികള്‍ പൊലീസ് കണ്ടെടുത്തത് കിണറ്റില്‍ നിന്ന്. പള്ളിപ്രത്ത്ശ്ശേരിയിലെ വീട്ടിൽ മദ്യവിൽപന നടക്കുന്നതായി കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ മഫ്ത്തിയിൽ പരിശോധന നടത്തിയത്. വീട്ടിലെ പറമ്പിൽ നിർമ്മിച്ചിരുന്ന കിണറിന്‍റെ റിങിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മദ്യകുപ്പികൾ.
സ്ഥിരമായി വീട്ടില്‍ മദ്യവില്‍പന നടത്തിയിരുന്ന വിഷ്ണുവാണ് 27 മദ്യകുപ്പികളുമായി പൊലീസിന്‍റെ വലയിലായത്. രണ്ട് കമ്പനികളുടെ പതിമൂന്നര ലിറ്റർ മദ്യമാണ് ഇയാളുടെ വീട്ടിൽ നിന്ന് പിടികൂടിയത്. അരലിറ്ററിന്‍റെ 27 വിദേശമദ്യ കുപ്പികളാണ് പൊലീസ് കണ്ടെത്തിയത്. വിദേശമദ്യ ശാലയിൽ നിന്ന് 450 രൂപക്ക് പല പ്രാവശ്യമായി വാങ്ങി 600 രൂപക്കായിരുന്നു വിഷ്ണുവിന്‍റെ വിൽപന.
എക്സൈസ് ഉദ്യോഗസ്ഥരെത്തുമ്പോള്‍ രണ്ട് പേർ മദ്യം വാങ്ങാന്‍ വിഷ്ണുവിന്‍റെ വീട്ടിലുണ്ടായിരുന്നു. ഉദ്യോഗസ്ഥരെ കണ്ടതോടെ ഇരുവരും ഓടി രക്ഷപ്പെട്ടു. ഇവര്‍ ഗൂഗിൾ പേ വഴി പണം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് കൂടുതൽ ഉദ്യോഗസ്ഥരെത്തി വീട്ടിൽ പരിശോധന നടത്തി. എന്നാല്‍ വീട്ടിനുള്ളില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെടുത്തിട്ടില്ല. പുറത്ത് മതിലിനോട് ചേര്‍ന്നുള്ള കിണറിന്‍റെ റിങില്‍ നിന്നാണ് മദ്യം കണ്ടെത്തിയത്.