മരിച്ച സുരേഷ് | പ്രതി അമ്പാടി
കൊല്ലം മണ്‍റോതുരുത്തില്‍ മദ്യലഹരിയിൽ ഇരുപതുകാരന്‍റെ വെട്ടേറ്റ് നാൽപ്പത്തിയഞ്ചുകാരൻ മരിച്ചു. ലഹരിക്കടിമയായ പ്രതിയെ പൊലീസ് പിടികൂടി. മൺറോതുരുത്ത് കിടപ്രംവടക്ക് ലക്ഷം വീട് കാട്ടുവരമ്പിൽ ഇരുപതുകാരനായ അമ്പാടി ആണ് നാട്ടുകാരനായ സുരേഷിനെ വെട്ടിയത്.
അമ്പാടിയുടെ വീട്ടിന് മുന്നിൽ വച്ച് രാത്രിയായിരുന്നു കൊലപാതകം. മദ്യലഹരിയിൽ ആയിരുന്നു അമ്പാടി. പടിഞ്ഞാറേകല്ലട കല്ലുംമൂട്ടിൽ ചെമ്പകത്തുരുത്ത് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പറയെടുപ്പിനിടെ അമ്പാടി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് അമ്പാടിയെ നാട്ടുകാർ ക്ഷേത്രവളപ്പിൽ നിന്ന് ഓടിച്ചു വിടുകയായിരുന്നു. തുടർന്ന് സമീപത്തെ റെയിൽവേ ട്രാക്കിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്പാടിയെ സുരേഷും നാട്ടുകാരും ചേർന്ന് പിന്തിരിപ്പിച്ചു.
സുരേഷും സുഹൃത്തുക്കളും ചേർന്ന് അമ്പാടിയെ രാത്രി വീട്ടിൽ എത്തിച്ചപ്പോഴാണ് കൊലപാതകം. വീട്ടിൽ കയറിയ അമ്പാടി വെട്ടുകത്തിയെടുത്ത് സുരേഷിനെ വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ സുരേഷ് സ്‌ഥലത്ത് വച്ചു തന്നെ മരിച്ചു. മോഷണവും ലഹരികടത്തും ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അമ്പാടി.