ഇടുക്കി പൂപ്പാറയിൽ സാമ്പത്തിക തർക്കത്തിനിടെ റിസോർട്ടിനുള്ളിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ്. രാജാക്കാട് സ്വദേശി ബിറ്റാജിനെയാണ് തൊടുപുഴ അഡീഷണൽ ജില്ലാ സെക്ഷൻസ് കോടതി ശിക്ഷിച്ചത്. കേസിലെ പ്രധാന സാക്ഷികളെ പ്രതി പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു.
വാഹന കച്ചവടത്തെ ചൊല്ലിയുള്ള സാമ്പത്തിക തർക്കത്തിനിടെയാണ് സുഹൃത്ത് കൂത്തുങ്കൽ സ്വദേശി സനീഷിനെ ബിറ്റാജ് കൊലപ്പെടുത്തിയത്. ബിറ്റാജിന്റെ ഉടമസ്ഥതയിലുള്ള പൂപ്പാറയിലെ റിസോർട്ടിലേക്ക് സനീഷിനെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു കൊലപാതകം. 2018 നവംബർ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. സനീഷിനെ കൊലപ്പെടുത്തുമ്പോൾ ബിറ്റാജിനൊപ്പം സുഹൃത്തുക്കളായ ജയരാജ്, ജയൻ എന്നിവരും റിസോർട്ടിലുണ്ടായിരുന്നു. ബിറ്റാജിന്റെ മർദനത്തെ തുടർന്നാണ് സനീഷ് മരിച്ചതെന്ന് ജയരാജും, ജയനും പൊലീസിന് മൊഴി നൽകിയെങ്കിലും വിചാരണ വേളയിൽ ഇരുവരും കൂറുമാറി. കേസിൽ രണ്ടും മൂന്നും പ്രതികളായ ഇവരെ കുറ്റം ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതോടെ വെറുതെ വിട്ടു. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
മരിച്ച സനീഷിന്റെ കുടുംബത്തെയും, പ്രധാന സാക്ഷികളെയും പ്രതി പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ശാന്തൻപാറ പൊലീസ് കണ്ടെത്തിയിരുന്നു. ബിറ്റാജിന് റിസോർട്ട് കേന്ദ്രീകരിച്ച് ലഹരി വില്പനയുണ്ടെന്ന് സംശയിച്ചിരുന്നെങ്കിലും പൊലീസിന് ഇത് കണ്ടെത്താൻ സാധിച്ചില്ല. ജീവപര്യന്തം തടവിനൊപ്പം പ്രതിക്ക് ഒരു ലക്ഷം രൂപയും പിഴയും കോടതി വിധിച്ചിട്ടുണ്ട്.