ലഹരി മാത്രമല്ല, ലഹരിക്ക് പിന്നാലെയുള്ള ചുമ മാറാനും കള്ളില്‍ മരുന്നുണ്ടെന്ന് തെളിഞ്ഞു. പാലക്കാട് ചിറ്റൂരിലെ വണ്ണാമട, കുറ്റിപ്പള്ളം ഷാപ്പുകളിൽ നിന്നും ശേഖരിച്ച കള്ളിൽ ചുമ മരുന്നിൻ്റെ സാന്നിധ്യമെന്നാണ് പരിശോധന ഫലം. ഷാപ്പിന്‍റെ ലൈസന്‍സികളും നടത്തിപ്പുകാരുമായി പ്രവര്‍ത്തിക്കുന്നത് സിപിഎം നേതാക്കളാണെന്നും ഷാപ്പ് പൂട്ടാനുള്ള നടപടി വൈകുന്നതായും കോണ്‍ഗ്രസ് ആരോപണം
കലക്ക് കള്ളിന്‍റെ കള്ളികള്‍ പണ്ടേ പോലെ ഫലിക്കാത്തത് കൊണ്ടാവാം അത്രതന്നെ വീര്യം വരുത്താന്‍ ശേഷിയുള്ള ചുമ മരുന്ന് കലര്‍ത്തിയതെന്നാണ് എക്സൈസിന്‍റെ നിഗമനം. വിലകൂടിയ മരുന്ന് ചേര്‍ക്കുന്നത് വഴി കുടിക്കുന്നയാള്‍ക്ക് യഥാര്‍ഥ ലഹരി അറിയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. കാക്കനാട്ടെ അനലറ്റിക് ലാബിലെ പരിശോധനാഫലവും തെളിയിക്കുന്നത് സമാന കണ്ടെത്തലാണ്. സെപ്റ്റംബറില്‍ ശേഖരിച്ച കള്ളിന്‍റെ സാംപിളില്‍ വിലകൂടിയ ചുമ മരുന്നിൻ്റെ അളവ് വേണ്ടുവോളമുണ്ട്. രണ്ടു ഷാപ്പുകളും ഒരേ ലൈസൻസിയുടേതാണ്. ഷാപ്പ് ലൈസൻസിക്കും രണ്ട് വിതരണക്കാർക്കുമെതിരെ എക്സൈസ് കേസെടുത്തു. ഷാപ്പിൻ്റെ ലൈസൻസ് റദ്ദാക്കുന്നതിനും ശുപാർശ ചെയ്തിട്ടുണ്ട്. ഷാപ്പ് പൂട്ടാത്തതിന് പിന്നില്‍ സിപിഎം ഇടപെടലെന്നാണ് കോണ്‍ഗ്രസ് ആരോപണം.
കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി വൈകില്ലെന്നും എക്സൈസ് അധികൃതരുടെ വിശദീകരണം