പത്തനംതിട്ട കലഞ്ഞൂരിൽ കാറുമായി ഇറങ്ങി ആക്രമണം നടത്തിയത് 83 വയസ്സുള്ള വയോധികനും അയാളുടെ തെങ്ങുകയറ്റക്കാരനും. ഇരുവർക്കും എതിരെ വധശ്രമത്തിന് കേസെടുത്തു. ഇന്നലെയാണ് വെട്ടുകത്തി വീശിയും കാർ കടയിലേക്ക് ഇടിച്ചു കയറ്റിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്

ഇന്നലെ കാറ് കൊണ്ട് അക്രമം കാണിച്ചത് കലഞ്ഞൂർ സ്വദേശി 83 വയസ്സുള്ള മുൻ വ്യോമസേന ഉദ്യോഗസ്ഥൻ ജോൺ വർഗീസ്, അയാളുടെ തെങ്ങുകയറ്റക്കാരൻ ബിനുവും.  തേങ്ങയിടാൻ ഇറങ്ങും മുൻപ് രണ്ടുപേരും നന്നായി മദ്യപിച്ചു. കലഞ്ഞൂരിലെ യൂസ്ഡ് കാർ ഷോറൂമിന്റെ മുന്നിൽ വച്ച് വളഞ്ഞുപുളഞ്ഞു വന്ന കാർ ആൾക്കാരെ ഇടിക്കാൻ തുടങ്ങി. ചോദ്യം ചെയ്യൽ ആയതോടെ ബിനു പുറത്തിറങ്ങി തേങ്ങവെട്ടുന്ന വെട്ടുകത്തി വീശി. ഓടിക്കൂടിയവർ ബിനുവിനെയും ഓടിച്ച ജോൺ വർഗീസിനേയും  പെരുമാറി. കാറിൻ്റെ ചില്ലു തകർത്തു.  ഇതോടെ രോഷാകുലനായ ജോൺ വർഗീസ് കാർ പിന്നോട്ടെടുത്ത് യൂസ്ഡ് കാർ ഷോറൂമിൽ ഉണ്ടായിരുന്ന കാറുകളിലേക്ക് ഇടിച്ചു കയറ്റി. വീണ്ടും പാഞ്ഞു വന്ന് ചില്ലുവാതിൽ ഇടിച്ചു തകർത്തു. ജീവനക്കാർ ചിതറിയോടി. ഒരാൾക്ക് കല്ലേറുകൊണ്ടു. പൊലീസ് വന്നതോടെ കാറിൽ രക്ഷപ്പെട്ട ഇരുവരെയും പോലീസ് പിന്തുടർന്ന് പിടികൂടി. പൊലീസ് സ്റ്റേഷനിലും ഭീകര അന്തരീക്ഷം ആയിരുന്നു. സാരമായി തകർന്ന കാർ പൊലീസ് സ്റ്റേഷനിൽ ഉണ്ട്. ബിനു തെങ്ങുകയറാൻ ഉപയോഗിക്കുന്ന ഉപകരണം കാറിൽ അനാഥമായി കിടപ്പുണ്ട്.

ഇരുവരും കാറിൽ സ്ഥിരം അഭ്യാസം നടത്തുന്നവരാണെന്ന് നാട്ടുകാർ പറയുന്നു.

ENGLISH SUMMARY:

An 83-year-old man and his tree climber accomplice allegedly carried out an attack using a car in Kalanjoor, Pathanamthitta. Both have been booked for attempted murder.