ഇടുക്കി തൊടുപുഴയിൽ പട്ടാപ്പകല്‍ നടുറോഡിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി നസീബാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. സുഹൃത്തിനെ ബസ് കയറ്റി വിട്ട ശേഷം താമസസ്ഥലത്തേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് വിദ്യാർഥിനിക്ക് നേരെ നസിബിന്റെ ആക്രമണമുണ്ടായത്.
സ്കൂട്ടറിൽ പിന്തുടർന്നെത്തിയ നസീബ് കാഞ്ഞിരമറ്റത്ത് വെച്ച് വാഹനം തടഞ്ഞ ശേഷം പെൺകുട്ടിയെ കടന്നുപിടിച്ചു. ബഹളം കേട്ട് നാട്ടുകാരത്തെയെങ്കിലും നസീബ് സ്കൂട്ടറിൽ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്
പെൺകുട്ടിയെ ഉപദ്രവിക്കാനായി നസീബ് എത്തിയ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമണം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ മുൻപും സ്ത്രീകളെ ശല്യം ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.