തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാൻ പലപ്പോഴും ഉറ്റവരോട് പണവും സ്വര്‍ണവും ആവശ്യപ്പെടാറുണ്ടായിരുന്നെന്ന് മൊഴികള്‍. ഒടുവില്‍ ആവശ്യപ്പെട്ട സ്വര്‍ണം കിട്ടാത്തതിലുള്ള വൈരാഗ്യവും കൊടും ക്രൂരതിയിലേക്ക് നയിച്ചെന്നാണ് അനുമാനം. പണയം വയ്ക്കാൻ സ്വർണ മാല ചോദിച്ച് രണ്ട് ദിവസം മുന്‍പും അഫാന്‍ വീട്ടില്‍ വന്നിരുന്നെന്ന് അഫാന്‍ കൊലപ്പെടുത്തിയ വല്ല്യുമ്മ സല്‍മാബീവിയുടെ മൂത്തമകന്‍ ബദറുദീന്‍ പറയുന്നു.
രണ്ടാഴ്ച മുന്‍പ് സല്‍മാബീവിയുടെ സ്വര്‍ണമോതിരം അഫാന്‍ വാങ്ങിയിരുന്നു. അതിനുശേഷം രണ്ടുദിവസം മുന്‍പാണ് വീണ്ടും സ്വര്‍ണമാല പണയം വയ്ക്കാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വളരെ ചെറിയ ആ മാല താന്‍ മരിച്ചാല്‍ സംസ്കാരച്ചടങ്ങുകള്‍ നടത്താനുള്ളതാണെന്നും ആര്‍ക്കും തരില്ലെന്നും വല്ല്യുമ്മ പറയുകയായിരുന്നു.
ഇന്നലെ രാവിലെ എട്ട് മണിയോടെ വീണ്ടും അഫാന്‍റെ ബൈക്ക് വീടിന് സമീപം പാര്‍ക്ക് ചെയ്തത് സല്‍മാബീവിയുടെ മകന്‍ കണ്ടിരുന്നു. എന്നാല്‍ ലാളിച്ചുവളര്‍ത്തിയ പേരക്കുട്ടി വല്ല്യുമ്മയെ കാണാന്‍ വന്നതില്‍ ആരും അസ്വാഭാവികത സംശയിച്ചില്ല. തുടര്‍ന്ന് രാവിലെ 11 മണിക്ക് പിരിവിനായി പള്ളിക്കാര്‍ വന്നു. അപ്പോള്‍ അഫാന്‍ അവിടെ ഉണ്ടായിരുന്നില്ല.
വൈകിട്ട് അഞ്ച് മണിയോടെ മൂത്ത മകളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സല്‍മാബീവി അതിക്രൂരമായി കൊലചെയ്യപ്പെട്ട കാഴ്ച കാണുന്നത്. ഉടന്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും കൊലയാളി പേരക്കുട്ടി തന്നെ ആണെന്ന് ആരും കരുതിയില്ല. ഈ സമയം ആറ്പേരെ കൊന്നു എന്ന് അവകാശപ്പെട്ട് അഫാന്‍ സ്റ്റേഷനിലെത്തിയതോടെയാണ് ഉറ്റവരും നാട്ടുകാരും ക്രൂരമായ കൊലപാതകകഥ കേട്ട് ഞെട്ടിയത്.