TOPICS COVERED

പാരമ്പര്യവൈദ്യൻ ഷാബ ഷെരീഫിനെ മലപ്പുറം നിലമ്പൂരില്‍ കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി ഈമാസം 27ന് വിധി പറയും. മൃതദേഹമോ മൃതദേഹാവശിഷ്ടമോ കണ്ടെത്താൻ കഴിയാത്ത കേസിൽ  ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് പ്രധാനം .  മുഖ്യപ്രതി ഷൈബിന്‍ അഷ്റഫുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളും കേസില്‍ നിര്‍ണായകമായി. പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിനെ മൈസുരുവില്‍ നിന്ന് തട്ടിക്കൊണ്ടുവരാനും കൊലപാതകത്തിനുമെല്ലാം കൂട്ടു നിന്നവരും സാക്ഷികളുമായവര്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍  നടത്തിയ ആത്മഹത്യാശ്രമം മനോരമ ന്യൂസിലൂടെ  കണ്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പിന്നാലെ പ്രധാനപ്രതി ഷൈബിന്‍ അഷ്റഫ് മനോരമ ന്യൂസിനോട് നടത്തിയ പ്രതികരണങ്ങളും നിര്‍ണായകമായി. 

ഷൈബിന്‍ അഷ്റഫ് എന്ന പ്രതിയെ പുറംലോകം കാണുന്നതും മനോരമ ന്യൂസിലൂടെയാണ്.  മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ  ഒറ്റമൂലി രഹസ്യം അറിയാൻ വേണ്ടി നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫിൻ്റെ സംഘം തട്ടിക്കൊണ്ടു വന്നു ഒരു വർഷത്തിൽ അധികം   മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചു. 2020 ഒക്ടോബറിൽ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണ്  അന്വേഷണത്തില്‍ കണ്ടെത്തിയത്.  മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. അതു കൊണ്ടുതന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പിന്‍ബലവും കേസിന് ലഭിച്ചില്ല. എന്നാല്‍ ഷൈബിന്‍ അഷ്റഫ് ഉപയോഗിച്ച കാറില്‍ നിന്നും ലഭിച്ച മുടി ഷാബ ഷെരീഫിന്‍റേതാണന്ന ഡിഎന്‍എ പരിശോധന ഫലമാണ് കേസിന് ബലം നല്‍‌കിയത്. മാപ്പുസാക്ഷിയായ കേസിലെ ഏഴാം പ്രതിയായിരുന്ന  ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്‍റെ സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് സഹായകമായി.  കേസിൽ 15 പ്രതികളാണുളളണ്.  പിടികിട്ടാൻ ബാക്കിയുണ്ടായിരുന്ന രണ്ട് പ്രതികളിൽ ഒരാളായ ഫാസിൽ ഗോവയിൽ  മരിച്ചു. മറ്റൊരു പ്രതി ഷമീം ഇപ്പോഴും ഒളിവിലാണ്.

കേസിന്റെ വിചാരണ നടക്കുമ്പോൾ തന്നെ മുൻപ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങൾ ഷൈബിൻ അഷ്റഫിന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്ന വിവരവും തെളിവുകളും പുറത്തു വന്നിരുന്നു. ഷൈബിന്‍ അഷ്റഫിന്‍റെ വ്യവസായ പങ്കാളിയേയും ഒാഫീസ് സെക്രട്ടറിയായ വനിതയേയും കൊലപ്പെടുത്തിയ കേസിലും സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

The Manjeri Additional Sessions Court will pronounce its verdict on February 27 in the murder case of traditional healer Shab Sherif in Nilambur, Malappuram. As neither the body nor remains were recovered, forensic evidence plays a crucial role in the case.