ഇരിങ്ങാലക്കുടയിൽ നൂറ്റിയൻപതു കോടി രൂപയുടെ ഷെയർ ട്രേഡിങ് തട്ടിപ്പ് നടത്തിയ കോമ്പാറ ബ്രദേഴ്സ് നിർധന കുടുംബാഗമായിരുന്നു. ഓട്ടോറിക്ഷ ഓടിച്ചും കൂലിപ്പണിയ്ക്കു പോയും ഉപജീവനം കണ്ടെത്തിയ യുവാക്കളാണ് ഒരു സുപ്രഭാതത്തിൽ കോടികൾ സമാഹരിച്ചത്
സുബിൻ , ബിപിൻ, ലിബിൻ.... ഈ മൂന്നു സഹോദരങ്ങളും ഇരിങ്ങാലക്കുടയിലെ കോമ്പാറ ബ്രദേഴ്സ് ആണ്. സ്കൂളിലെ സുരക്ഷാ ജീവനക്കാരനായും ഉദ്യാനപാലകനായും ഉപജീവനം തേടിയിരുന്ന സാധാരണക്കാരൻ്റെ മക്കൾ. ബിപിൻ ബീകോം പാസായി. ഇരിങ്ങാലക്കുടയിൽ തന്നെ സ്വകാര്യ ബാങ്കിൽ ജോലിയ്ക്കു കയറി. പ്രവാസി മലയാളികളുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ ബാങ്ക് ജോലി മുഖേന സാധിച്ചു. പ്രവാസി മലയാളികളെ വിശ്വസിപ്പിച്ച് ഷെയർ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചു.
ഊഹക്കച്ചവടത്തിൽ പണം വേഗത്തിൽ തിരിച്ചുനൽകിയതോടെ വിശ്വാസം കൂടി. പണം കിട്ടിയവർ കിട്ടിയവർ അടുപ്പക്കാരോട് രഹസ്യമായി ബിപിൻറെ മിടുക്ക് വിവരിച്ചു. ഇതോടെ പണമൊഴുകി. കാശിന്റെ വരവ് കണ്ട് കണ്ണ് മഞ്ഞളിച്ചു. ആദ്യം ബാങ്ക് ജോലി ഉപേക്ഷിച്ചു. പിന്നെ, ബില്യൺ ബീസ് എന്ന പേരിൽ സ്ഥാപനം തുടങ്ങി. നൂറു കോടി തേനീച്ചകൾ നാമകരണം ചെയ്തതു പോലെ നിക്ഷേപം നൂറു കോടി കവിഞ്ഞു. ഇരിങ്ങാലക്കുടക്കാരാണ് കൂടുതലും നിക്ഷേപിച്ചത്. തേനീച്ചകളുടെ മധുരം പോലെ ലാഭം കൈ നിറയെ കിട്ടി തുടങ്ങിയപ്പോൾ നിക്ഷേപകർ പറഞ്ഞ് പറഞ്ഞ് പ്രശസ്തി ഇന്ത്യയൊട്ടുക്കും വ്യാപിച്ചു. പിന്നെ, വിദേശത്തേയ്ക്കും.
നിക്ഷേപ തുകകൾ കൈകാര്യം ചെയ്യുന്നതിൽ പാളിച്ച വന്നതോടെ അടി പതറി. ഏഴു മാസം മുമ്പേ, കോമ്പാറ ബ്രദേഴ്സ് അപകടം മണത്തറിഞ്ഞു. ദുബായിലേക്ക് കടന്നു. ഇടപാടുകാർ മുതലും പലിശയുമില്ലാതെ വലഞ്ഞു. പേരിനു പോലും സ്വന്തം പേരിൽ കോമ്പാറ ബ്രദേഴ്സിന് സ്വത്തുക്കളില്ല. പിന്നെ, കൈകാര്യം ചെയ്ത കോടികൾ എവിടെപ്പോയി. പൊലീസിൻറെ അന്വേഷണം തുടരുകയാണ്. ഇരിങ്ങാലക്കുട പൊലീസ് നാല് എഫ്.ഐ.ആറുകൾ റജിസ്റ്റർ ചെയ്തു. മുപ്പത്തിരണ്ടു പരാതികൾ. നാണക്കേട് ഭയന്ന് പരാതി നൽകാത്തവരാണ് അധികവും.