image Credit: X/Dailymail
ലോകം കണ്ട ഏറ്റവും വലിയ ശിശുപീഡകനായ ഡോക്ടറെ കുറിച്ചുള്ള നടുക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് ഫ്രഞ്ച് പൊലീസ്. ജോയല്‍ ലീ സകര്‍നക് എന്ന 74കാരനാണ് ചെയ്തുകൂട്ടിയ ക്രൂരകൃത്യങ്ങള്‍ക്ക് തടവുശിക്ഷ അനുഭവിക്കുന്നത്. ലോകം ഞെട്ടിയ ക്രൂരതയുടെ വിവരങ്ങളെല്ലാം ജോയല്‍ തന്നെയാണ് സ്വന്തം കൈപ്പടയിലും കംപ്യൂട്ടറിലും എഴുതിയും ചിത്രങ്ങളായും സൂക്ഷിച്ചത്. 299 ആണ്‍കുട്ടികളെയും നിരവധി പെണ്‍കുട്ടികളെയും സ്വകാര്യ ആശുപത്രിയില്‍ സര്‍ജനായിരുന്ന ജോയല്‍ പീഡനത്തിന് ഇരയാക്കിയിരുന്നതായി പൊലീസ് കണ്ടെത്തി. 11 വയസായിരുന്നു പലരുടെയും ശരാശരി പ്രായം.
എല്ലാ പിറന്നാളിനും 'ഞാന്‍ ഒരു ശിശുപീഡകനാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും' ജോയല്‍ ഡയറികളില്‍ എഴുതി സൂക്ഷിച്ചിരുന്നതും പൊലീസ് കണ്ടെടുത്തു. കുരുന്നുകളെ ലൈംഗികമായി ഉപയോഗിച്ചതിന്‍റെ വിവരങ്ങള്‍ ഫൊട്ടോകളായും ചിത്രങ്ങളായി വരച്ചും എഴുത്തിലൂടെ വിവരിച്ചുമാണ് ഡോക്ടര്‍ സൂക്ഷിച്ചിരുന്നത്. പീഡൊഫൈല്‍ എന്ന് തന്നെയാണ് തന്നെ ജോയല്‍ ഡയറിക്കുറിപ്പുകളില്‍ വിശേഷിപ്പിച്ചിരുന്നത്.
നീണ്ട 30 വര്‍ഷമാണ് ജോയല്‍ ക്രൂരപീഡനം തുടര്‍ന്നത്. പൊലീസ് ഇക്കാര്യങ്ങള്‍ ചോദിച്ചപ്പോള്‍, താന്‍ ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും ഫാന്‍റസികളാണ് എഴുതിയും വരച്ചും വച്ചതെന്നുമായിരുന്നു ജോയലിന്‍റെ വിചിത്രവാദം. ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി പ്രവേശിക്കപ്പെട്ട കുട്ടികളാണ് ജോയലിന്‍റെ പീഡനത്തിന് ഇരയായവരില്‍ ഏറെയും. അനസ്തേഷ്യ നല്‍കിയ മയക്കിയതിന് പിന്നാലെയാണ് ജോയല്‍ ലൈംഗികമായി ദുരുപയോഗം ചെയ്തതെന്ന് കുട്ടികള്‍ പലരും പൊലീസിന് മൊഴി നല്‍കി.
അയല്‍വാസിയുടെ ആറുവയസുകാരി മകളെ ലൈംഗികമായി പീഡിപ്പിച്ചതോടെയാണ് ജോയലിന്‍റെ ക്രൂരകൃത്യങ്ങള്‍ ലോകം അറിഞ്ഞത്. എട്ട് വര്‍ഷം മുമ്പായിരുന്നു ഈ സംഭവം. ജോയലിന്‍റെ ഡയറിക്കുറിപ്പുകളില്‍ പേരുള്ള കുട്ടികളെയെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പലര്‍ക്കും ജോയലിനെ തിരിച്ചറിയാനായില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നാലുവയസുമാത്രം പ്രായമുള്ള കുരുന്നിനെ വരെ ജോയല്‍ പീഡിപ്പിച്ചുവെന്നും 754 പേജ് നീണ്ട കുറ്റപത്രത്തില്‍ പറയുന്നു.