കൊല്ലം അഞ്ചലിൽ വസ്തു തർക്കത്തെ തുടർന്ന് അയൽവാസിയെ അതിക്രൂരമായി മർദിച്ച് പരുക്കേൽപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. തടിക്കാട് പുല്ലംകോട് സ്വദേശി ബാബു പാപ്പച്ചനാണ് അറസ്റ്റിലായത്.
തോമസ് മാത്യൂവിന്റെ പരാതി പ്രകാരമാണ് അയല്‍വാസിയായ ബാബു പാപ്പച്ചനെ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മുപ്പതു വർഷമായി ഇരുവരും തമ്മിൽ വസ്തുതർക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഞ്ചുവര്‍ഷം മുന്‍പ് തോമസ് മാത്യുവിന്റെ ഭാര്യയെ ആക്രമിച്ച കേസിലും ബാബു പാപ്പച്ചൻ പ്രതിയാണ്.
ഈ കേസ് നിലനിൽക്കവേയാണ് കഴിഞ്ഞ പതിമൂന്നിന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തോമസ് മാത്യൂവിനെ ബാബു ആക്രമിക്കുകയും ചെയ്തത്. തോമസ് മാത്യുവിനെ കാട്ടുകമ്പ് ഉപയോഗിച്ച് ബാബു പാപ്പച്ചൻ അതിക്രൂരമായി മർദിച്ച് പരുക്കേൽപ്പിച്ചു. മർദ്ദനമേറ്റ തോമസ് മാത്യു ഇപ്പോഴും ചികിത്സയിലാണ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.