ഇടുക്കിയിൽ വൻ ചാരായ വേട്ട. കമ്പംമെട്ട് കട്ടേക്കാനത്ത് വീട്ടിൽ സൂക്ഷിച്ച 245 ലിറ്റർ ചാരായം പിടികൂടി. വില്പനയ്ക്കായി സൂക്ഷിച്ച ചാരായം വാറ്റിയ ചക്രപാണി സന്തോഷും അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായി.
നിരവധി അബ്ക്കാരിക്കേസുകളിൽ പ്രതിയായ ചക്രപാണി സന്തോഷ് ചാരായം വാറ്റി സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടിമാലി നാർകോട്ടിക് എൻഫോർഴ്സ്മെന്റ് സി.ഐ മനൂപിന്റെ നേതൃത്വത്തിലുള്ള സംഘം കട്ടേക്കാനത്തുള്ള സന്തോഷിന്റെ വീട്ടിലെത്തിയത്. ആദ്യം വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 35 ലിറ്ററിന്റെ ഒരു കന്നാസ് ചാരായം പിടികൂടി. ബാക്കിയുള്ള ആറ് കന്നാസുകളും പറമ്പിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു. ഇവ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥർ പറമ്പാകെ കിളച്ചു മറിച്ചു. ഒടുവിൽ വിവിധ ഇടങ്ങളിലായി കുഴിച്ചിട്ടിരുന്ന ആറ് കന്നാസുകൾ കൂടി കണ്ടെത്തി.
വാറ്റ് ചാരായം നിർമ്മിച്ചത് എവിടെവച്ചാണെന്ന് അന്വേഷിച്ചു വരികയാണ്. അതിർത്തി ഗ്രാമങ്ങളിലും എസ്റ്റേറ്റ് മേഖലകളും കേന്ദ്രീകരിച്ച് വാറ്റ് ചാരായത്തിന്റെ ഹോൾസെയിൽ വ്യാപാരിയാണ് ഇയാൾ എന്നതാണ് എക്സൈസിന് കിട്ടിയിരിക്കുന്ന വിവരം. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.