പത്തനംതിട്ട റാന്നിയിൽ സി.ഐ.ടി.യു പ്രവർത്തകൻ ജിതിനെ കുത്തിക്കൊന്ന കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ. അഞ്ചു പേർ ഒളിവിലാണ്. പിന്നിൽ ബിജെപി എന്നു സി.പി.എം ആരോപിച്ചപ്പോൾ പ്രതികളിൽ ബി.ജെ.പിക്കാർ ഇല്ലെന്ന് ജില്ലാ പ്രസിഡന്റ് പ്രതികരിച്ചു. രാഷ്ട്രീയമില്ലെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ രാത്രി 9 മണിയോടെ പെരുനാട് മഠത്തുംമുഴിയിൽ ആയിരുന്നു കൊലപാതകം. ജിതിന്റെ ബന്ധു അനന്തുവിനെ മർദിക്കുന്നത് തടയുമ്പോൾ ആയിരുന്നു ആക്രമണം എന്നാണ് എഫ്.ഐ.ആര്‍. പ്രതിവിഷ്ണു കാറിൽ നിന്ന് വടിവാൾ എടുത്ത് ജിതിനെ കുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷി ടി.എൻ. വിഷ്ണു പറഞ്ഞത്. മൂന്നുപേർ പിടിച്ചുനിർത്തി. തടസം പിടിക്കാൻ എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മൂന്നുപേർക്കും പരുക്കുണ്ട്.
ഇന്നലെ ഉച്ചയോടെ ജിതിൻ വീട്ടിൽ നിന്ന് പോയതാണെന്നും എന്താണ് സംഭവിച്ചത് എന്നറിയില്ല എന്നും പിതാവ് ഷാജി പറഞ്ഞു. പെരുനാട്ടിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടെന്നും ആസൂത്രിത കൊലപാതകം ആണെന്നും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആരോപിച്ചു. ആര്‍.എസ്.എസ് അക്രമങ്ങൾ അവസാനിപ്പിച്ചിട്ടില്ല എന്നും സി.പിഎമ്മിലേക്ക് ഒരുപാട് ആര്‍.എസ്.എസ് പ്രവർത്തകർ തിരിച്ചു വരുന്നു എന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
കൊലപാതകം ബിജെപിക്ക് മേൽ കെട്ടിവെക്കാനുള്ള ശ്രമമാണെന്ന് ജില്ലാ പ്രസിഡൻറ് വി.എ.സൂരജ് പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബഹ്റൈനിൽ നിന്ന് അമ്മ നാട്ടിലെത്തിയ ശേഷമാകും സംസ്കാരം.