ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളക്കാരനെത്തേടി നാടു മുഴുവന്‍ പൊലീസ് അരിച്ചു പെറുക്കുമ്പോഴും പ്രതി റിജോ ആന്റണി കൂസലില്ലാതെ നടക്കുകയായിരുന്നു. തമാശ പറഞ്ഞും കുശലം പറഞ്ഞ് ആര്‍ക്കും പ്രതി സംശയത്തിനിട നല്‍കിയില്ല. കവർച്ചയെക്കുറിച്ച് അയൽക്കാർ ചർച്ച ചെയ്യുമ്പോൾ അതിലും റിജോ സജീവമായി പങ്കെടുത്തു. ഇയാളുടെ വീട്ടിൽ നടത്തിയ കുടുംബയോഗത്തിലും പ്രതി ഇതേ കുറിച്ചു ചർച്ച നടത്തി. ‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’ എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള പ്രതികരണം. പ്രതിക്കു വേണ്ടി പൊലീസ് നാടാകെ പരക്കം പായുമ്പോൾ അതിന്റെ വാർത്തകൾ വീട്ടിലിരുന്നു മൊബൈൽ ഫോണിൽ കാണുകയായിരുന്നു റിജോ ആന്റണി
Read Also: കവര്‍ച്ച നടത്തിയത് രണ്ടാം വെള്ളിയാഴ്ച; ദിവസം തിരഞ്ഞെടുക്കാന്‍ പ്രത്യേക കാരണം
കൊള്ളയുടെ രണ്ടു ദിവസം മുന്‍പ് പ്രതി റിജോ ആന്റണി ചാലക്കുടി സെൻ്റ് മേരീസ് ഫൊറോന പള്ളിയിലെ അമ്പു തിരുനാൾ ആഘോഷത്തിനിടെ പ്രവാസി അമ്പിൽ നൃത്തം ചെയ്യുന്ന വീഡിയോ പുറത്തു വന്നു. ബുധനാഴ്ച രാത്രിയായിരുന്നു ആഘോഷം. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് റിജോ ബാങ്കിൽ കവർച്ച നടത്തിയത്. ഈ പെരുനാളിന് പോയപ്പോഴാണ് സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് സംഘടിപ്പിച്ചത്
കേസില്‍ പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടക്കും. ബാങ്കില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുക്കും. വന്‍ ആസൂത്രണത്തിനുശേഷമാണ് റിജോ കവര്‍ച്ച നടത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല. കവർച്ചയ്ക്ക് ശേഷം സിസിടിവിയിൽ പതിഞ്ഞ വസ്ത്രം വീട്ടിലിട്ട് കത്തിച്ചു. മുന്‍പും കവര്‍ച്ചയ്ക്ക് ശ്രമം നടത്തിയിരുന്നു. ആദ്യ ശ്രമത്തില്‍ ബാങ്കിന് മുന്നില്‍ പൊലീസ് വാഹനം കണ്ട് പിന്‍മാറുകയായിരുന്നു.
പൊലീസ് വന്നപ്പോള്‍ ആദ്യം റിജോ ആന്റണി പരുങ്ങിയെന്നും പിന്നീട് എല്ലാം ഏറ്റുപറഞ്ഞുവെന്നും നഗരസഭാ കൗൺസിലർ ജിജി ജോൺസൻ പറഞ്ഞു. ഉച്ചയ്ക്ക് റിജോയുടെ വീട്ടിൽ കുടുംബസമ്മേളനം നടന്നിരുന്നു. നാട്ടിൽ പൊലീസിനെ കണ്ടത് കുടുംബസമ്മേളനത്തിലും ചർച്ചയായെന്ന് ജിജി ജോണ്‍സന്‍ പറഞ്ഞു.