ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ പട്ടാപകല്‍ ബാങ്ക് ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി പതിനഞ്ചു ലക്ഷം രൂപ കൊള്ളയടിച്ച പ്രതി പിടിയില്‍. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോയാണ് പിടിയിലായത്. 10ലക്ഷം രൂപ കണ്ടെടുത്തു. കടംവീട്ടാനാണ് ബാങ്ക് കൊള്ളയടിച്ചതെന്നു പ്രതി പറഞ്ഞു. തൃശൂര്‍ റൂറല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. മോഷ്ടാവ് സ്കൂട്ടറില്‍ വരുന്നതിന്‍റേയും ബാങ്കിനുള്ളില്‍ കാട്ടിയ പരാക്രമത്തിന്‍റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഈ ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച സ്കൂട്ടര്‍ കണ്ടെടുത്തു.
Read Also: ഭാര്യ നല്‍കിയ പണം തീര്‍ന്നു; ഭാര്യ തിരിച്ചെത്താനായപ്പോള്‍ കടം വീട്ടാന്‍ മോഷണം
റിജോയുടെ ഭാര്യ വിദേശത്ത് നഴ്സാണ്. ഭാര്യ നല്‍കിയ പണം റിജോ ആഡംബരങ്ങള്‍ക്കായി ചെലവാക്കി. മോഷണം ഭാര്യ മടങ്ങിയെത്താറായപ്പോള്‍ കടം വീട്ടാനാണ് മോഷണമെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. കവര്‍ച്ച ചെയ്ത 15 ലക്ഷം രൂപയില്‍ നിന്നും 10 ലക്ഷം രൂപയാണ് പൊലീസ് കണ്ടെടുത്തത്.
നേരത്തെ ഗള്‍ഫിലായിരുന്ന പ്രതിക്ക് വലിയ തുക സാമ്പത്തിക ബാധ്യതയുണ്ട്. പുതിയ വീട് വാങ്ങിച്ചു. അത്യാവശ്യം വലിയൊരു വീടാണിത്. റിജോയ്ക്കു മദ്യപാനശീലമുണ്ടായിരുന്നു. മോഷണം നടത്തിയ പണത്തില്‍ നിന്നും ഒരു കുപ്പി മദ്യം വാങ്ങി. 2.90 ലക്ഷം രൂപ കടം വീട്ടി. കുറച്ച് ചെലവാക്കി. കുറച്ച് തുക കെട്ട് പൊട്ടിക്കാതെ കയ്യിലുണ്ടായിരുന്നു. മുഴുവന്‍ തുകയും എടുക്കാതിരുന്നതിന് കാരണം പരിഭ്രാന്തിയായിരുന്നു.
കൃത്യമായ ആസൂത്രണത്തിനൊടുവിലായിരുന്നു കവര്‍ച്ച. ഏതാനും ദിവസം മുമ്പ് ബാങ്കിലെത്തി കാര്യങ്ങള്‍ മനസിലാക്കി. സ്വന്തം സ്കൂട്ടറില്‍ വ്യാജനമ്പര്‍ ഉപയോഗിച്ചായിരുന്നു മോഷണത്തിനെത്തിയത്. മോഷണശേഷം മൂന്ന് തവണ വസ്ത്രം മാറി. റിയര്‍ വ്യൂ മിറര്‍ മാറ്റി. ഷൂസിന്‍റെ നിറം അന്വേഷണത്തില്‍ നിര്‍ണായകമായി. പിടിക്കപ്പെടില്ലെന്ന് പ്രതി ഉറച്ചു വിശ്വസിച്ചതായി എസ്പി: ബി കൃഷ്ണകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു കവര്‍ച്ച. ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു ഭൂരിഭാഗം ജീവനക്കാരും. ഏഴു പേരായിരുന്നു ബാങ്കിനകത്തുണ്ടായിരുന്നത്. കാഷ് കൗണ്ടറിന്‍റെ ചില്ല് കസേര കൊണ്ട് അടിച്ചു തകര്‍ത്ത് കത്തി ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കവര്‍ച്ച. രണ്ടര മിനിറ്റു കൊണ്ട് കവര്‍ച്ച നടത്തി മോഷ്ടാവ് സ്കൂട്ടറില്‍തന്നെ രക്ഷപ്പെട്ടു. ബാങ്കിനു മുമ്പില്‍തന്നെയാണ് സ്കൂട്ടര്‍ നിര്‍ത്തിയിരുന്നത്. ബാങ്കില്‍ നാല്‍പത്തിയേഴു ലക്ഷം രൂപയുണ്ടായിരുന്നു. പക്ഷേ, മോഷ്ടാവ് തട്ടിയെടുത്തത് പതിനഞ്ചു ലക്ഷം മാത്രമായിരുന്നു. നട്ടുച്ച സമയമായതിനാല്‍ റോഡിലും തിരക്ക് കുറവായിരുന്നു. ഒട്ടേറെ കടകളുള്ള കെട്ടിട സമുച്ചയത്തിലാണ് ബാങ്ക് .