വയനാട് പനമരത്ത് സിപിഎം നേതാവിന്റെ ആദിവാസി അധിക്ഷേപ പ്രസംഗത്തിൽ കേസെടുക്കാതെ പൊലീസ്. മുസ്ലിം സ്ത്രീയെ പ്രസിഡന്റാക്കാതെ ആദിവാസി പെണ്ണിനെ പ്രസിഡന്റ് ആക്കി എന്ന ജില്ലാ കമ്മിറ്റി അംഗം എ. എൻ പ്രഭാകരന്റെ പരാമർശത്തിനെതിരെ പനമരം പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകി ഒരാഴ്ചയായിട്ടും കേസെടുത്തില്ല...
സിപിഎം ജില്ലാ കമ്മിറ്റിയംഗം എ. എൻ പ്രഭാകരന്റെ കഴിഞ്ഞ ഞായറാഴ്ചയിലെ പ്രസംഗമാണിത്. പനമരം പഞ്ചായത്ത് പ്രസിഡണ്ടായി ലീഗിലെ ലക്ഷ്മി ആലക്കമറ്റത്തെ തിരഞ്ഞെടുത്തതിനെതിരെയായിരുന്നു സിപിഎം പൊതു സമ്മേളന വേദിയിലെ പ്രസംഗം. വർഗീയവും ആദിവാസി അതിക്ഷേപവും നിറഞ്ഞ പരാമർശത്തിനെതിരെ പരാതി നൽകി ഒരാഴ്ചയായിട്ടും പൊലീസ് കേസെടുത്തില്ല
എസ്.എം.എസ് ഡിവൈഎസ്പിക്കും പനമരം പൊലീസിനും ലക്ഷ്മി നേരിട്ടു പരാതി നൽകിയതാണ്. ഒരാഴ്ചയായിട്ടും നിയമോപദേശം തേടുകയാണെന്നാണ് പൊലീസ് അറിയിച്ചത്. മുതിർന്ന നേതാവിനെ പൊലീസിനെ ഉപയോഗിച്ച് സിപിഎം സംരക്ഷിക്കുകയാണെന്നാണ് ലീഗ് ആരോപണം. വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് സിപിഎം. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, മുൻ എം.എൽ.എ, സി.കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി പി. ഗഗാറിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഭാകരന്റെ വിവാദ പ്രസംഗം.