കോട്ടയം നഴ്സിങ് കോളജില്‍ റാഗിങ് നടന്ന മുറിയില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി. കത്തിയും കരിങ്കല്‍ കഷണങ്ങളും കോമ്പസും ഡമ്പലും കണ്ടെത്തി. റാഗിങ്ങിനിരയായ നാല് വിദ്യാര്‍ഥികള്‍ കൂടി പരാതി നല്‍കി. കേസിൽ കോളജ് പ്രിൻസിപ്പലിനും അസിസ്റ്റന്റ് വാർഡനും സസ്പെൻഷൻ. പ്രിന്‍സിപ്പല്‍ പ്രഫ. എ.ടി സുലേഖ, അസി.വാര്‍ഡന്റെ ചുമതലയുള്ള അസി.പ്രഫസര്‍ അജീഷ് പി.മാണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ ഉടൻ നീക്കം ചെയ്യാനും ആരോഗ്യ മന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കി.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. മൂവർക്കും ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് കണ്ടെത്തൽ. വിദ്യാർഥിയെ അതിക്രൂരമായി റാഗിങിന് ഇരയാക്കുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസാണ് പുറത്തുവിട്ടത്.
അതേസമയം കേസിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ സംഘത്തോടും നിരപരാധിത്വം ആവർത്തിച്ച് നഴ്സിംഗ് കോളജ് അധികൃതർ. ഹോസ്റ്റലിൽ പ്രശ്നമുള്ളതായി അറിവില്ലായിരുന്നെന്നാണ് മൊഴി. മെൻസ് ഹോസ്റ്റലിൽ നിന്നുള്ള പൊലീസിന്റെ തെളിവ് ശേഖരണം പൂർത്തിയായി. ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡൻ ഉൾപ്പെടെ 5 അധ്യാപകരുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. കേസിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങൾ ശക്തമായി തുടരുകയാണ്. ജില്ലയിലെ കോൺഗ്രസ് നേതൃത്വം കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. നഴ്സസ് അസോസിയേഷനും ബിജെപിയും ഇന്ന് നഴ്സിംഗ് കോളജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.