കണ്ണൂര്‍ കൊളവല്ലൂരില്‍ റാഗിങ്ങില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൈയുടെ എല്ലൊടിച്ചെന്ന് എഫ്ഐആര്‍. നോട്ടം ശരിയല്ലെന്നും സീനിയേഴ്സിനോട് ബഹുമാനമില്ലെന്നും പറഞ്ഞാണ് മര്‍ദിച്ചതെന്നും എഫ്ഐആര്‍ വ്യക്തമാക്കുന്നു. പ്രതികളായ മൂന്ന് വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
ബുധനാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം ജ്യൂസ് കുടിക്കാന്‍ കാന്‍റീനിലേക്ക് പോകുംവഴിയാണ് അഞ്ച് സീനിയര്‍ കുട്ടികള്‍ ചേര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചത്. അടിച്ച് നിലത്തുവീഴ്ത്തിയ കുട്ടിയെ ചവിട്ടി ഇടതുകൈയ്യിന്‍റെ എല്ലൊടിച്ചെന്ന് പൊലീസ് എഫ്ഐആര്‍ വ്യക്തമാക്കുന്നു. അഞ്ച് കുട്ടികളെ പ്രതിചേര്‍ത്താണ് എഫ്ഐആര്‍. ഇതില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികള്‍ പ്രായപൂര്‍ത്തിയായവരാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.
ഇതിനുശേഷമേ തുടര്‍നടപടിയുണ്ടാകൂ. റാഗിങ് പരാതിയില്‍ കൊളവല്ലൂര്‍ പിആര്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ആന്‍റി റാഗിങ് സ്ക്വാഡും അന്വേഷണം നടത്തിവരികയാണ്. ഇന്ന് ചേര്‍ന്ന അടിയന്തര പിടിഎ യോഗം മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. അവസാനവര്‍ഷ വിദ്യാര്‍ഥികളായതിനാല്‍ പരീക്ഷ പോലും ഈ കുട്ടികള്‍ക്ക് എഴുതാനാവില്ല. മറ്റു രണ്ട് കുട്ടികളെ കൂടി തിരിച്ചറിയാനുണ്ടെന്നും മര്‍ദനമേറ്റ കുട്ടിaക്ക് ഇവരെ തിരിച്ചറിയാനായിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ തുടരുകയാണ്.