ബെംഗളൂരുവില്‍ ഭാര്യയുടെ വായില്‍ പശ ഒഴിച്ച കേസില്‍ 38 കാരന്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ ഹരോക്യതനഹള്ളിയിലാണ് സംഭവം. ജി.സിദ്ധലിംഗ സ്വാമിയാണ് അറസ്റ്റിലായത്, ഇയാളുടെ ഭാര്യ മഞ്ജുള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
റായ്ച്ചൂരിൽ നിന്നുള്ള ദമ്പതികള്‍ പ്രണയിച്ച് വിവാഹിതരായവരാണെന്നാണ് പൊലീസ് പറയുന്നത്. ആശാരിയാണ് ജി.സിദ്ധലിംഗ സ്വാമി. ദമ്പതികള്‍ക്ക് കുട്ടികളില്ലായിരുന്നു. സിദ്ധലിംഗയ്ക്ക് മഞ്ജുളയെ സംശയമുണ്ടായിരുന്നതായും അവിഹിതബന്ധം ആരോപിച്ച് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രിയും ദമ്പതിമാര്‍ വഴക്കിട്ടു. തുടര്‍ന്ന് മഞ്ജുള ഉറങ്ങിക്കിടക്കുമ്പോൾ സിദ്ധലിംഗ യുവതിയെ ശ്വാസംമുട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മഞ്ജുളയുടെ ബോധം നഷ്ടപ്പെട്ടപ്പോൾ മരപ്പണിക്ക് ഉപയോഗിക്കുന്ന പശ വായിലേക്ക് ഒഴിക്കുകയായിരുന്നു.
മഞ്ജുളയെ കൊല്ലുക തന്നെയായിരുന്നു തന്‍റെ ലക്ഷ്യമെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ‘എന്റെ ഭാര്യയ്ക്ക് ഒരു അവിഹിത ബന്ധമുണ്ടെന്ന് കരുതി ഞാൻ അവളെ കൊന്നു’ എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. മഞ്ജുള മരിച്ചെന്ന് കരുതി ഞായറാഴ്ച രാത്രി വൈകി മദനായകനഹള്ളി പൊലീസ് സ്റ്റേഷനിലെത്തി സിദ്ധലിംഗ കീഴടങ്ങുകയായിരുന്നു. എന്നാല്‍ ആംബുലന്‍സുമായി പൊലീസെത്തിയപ്പോളും മഞ്ജുളയ്ക്ക് ജീവനുണ്ടായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
2018ല്‍ മധ്യപ്രദേശില്‍ മദ്യപാനത്തിന്റെ പേരിൽ ഒരാൾ ഭാര്യയുടെ മൂക്കും കണ്ണും വായയും സൂപ്പർ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചശേഷം കൊലപ്പെടുത്തിയിരുന്നു. ദമ്പതികളുടെ 15 വയസ്സുള്ള മകൻ സംഭവം പൊലീസില്‍ അറിയിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം പുറത്തുവരുന്നത്.