സിനിമയെ പോലും വെല്ലും തിരുവനന്തപുരം മംഗലപുരത്തെ കിഡ്നാപ്പിങ്. പതിനഞ്ചുകാരനെ തട്ടിയെടുത്ത അക്രമിസംഘം പക്ഷേ മണിക്കൂറുകള്‍ക്കകം പൊലീസ് പിടിയിലായി. അറസ്റ്റിന് ശേഷമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ ഒരു പ്രണയക്കുശുമ്പുണ്ടെന്ന വിവരം പുറത്തുവരുന്നത്.
പതിനഞ്ചുക്കാരന്‍റെ സഹപാഠിയായ പെണ്‍ സുഹൃത്തുമായി പിടിയിലായ പ്രതികളിലൊരാള്‍ നേരത്തെ ആടുപ്പത്തിലായിരുന്നു. ഇതാണ് തട്ടിക്കൊണ്ടുപോകിലെ പിന്നാമ്പുറക്കഥ . നാലംഗസംഘം കാറിലാണ് അമ്മൂമ്മയ്ക്കൊപ്പം താമസിക്കുന്ന ബെസ്റ്റിയുടെ വീട്ടിലെത്തിയത്. വീട്ടില്‍ നിന്ന് വിളിച്ചിറക്കി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് വ്യാപകതിരച്ചില്‍ തുടങ്ങി . മണിക്കൂറുകള്‍ക്കകം തൊട്ടടുത്തുള്ള റബര്‍തോട്ടത്തില്‍ തടഞ്ഞുവച്ചിരുന്ന പതിനഞ്ചുകാരനെ മോചിപ്പിച്ചു. പ്രതികളായ അശ്വിനിദേവ്, ശ്രീജിത്ത്, സഹോദരങ്ങളായ അഭിരാജ്, അഭിരാം എന്നിവര്‍ പിടിയിലുമായി.
പതിനഞ്ചുക്കാരന്‍റ സഹപാഠിയായ പെണ്‍കുട്ടിയുമായി അശ്വിനിദേവ് നേരത്തെ അടുപ്പത്തിലായിരുന്നു. പിന്നീടാണ് പതിനഞ്ചുക്കാരനുമായി സൗഹൃദത്തിലാകുന്നത്. സൗഹൃദത്തിനു പിന്നാലെ പെണ്‍കുട്ടി തന്നില്‍ നിന്നും അകന്നതായി അശ്വിനിദേവ് കരുതി. ഇതാണ് പകയ്ക്കു കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കി.
ഇതിനുമുന്‍പ് കഴിഞ്ഞ ശനിയാഴ്ചയും പതിനഞ്ചുക്കാരനെ തട്ടിക്കൊണ്ടുപോയി കൈയും കാലും കെട്ടിയിട്ട ശേഷം മര്‍ദിച്ചതായി കുടുംബം പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.