ബാലരാമപുരം കുഞ്ഞിന്റെ വധക്കേസിന്‍റെ ചോദ്യം ചെയ്യലിനിടെ പീഡനപരാതിയുമായി കുട്ടിയുടെ അമ്മ. അമ്മയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തിരുന്നു. അതിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യുമ്പോഴാണ് പീഡന പരാതി ഉന്നയിച്ചത്. പത്ത് വര്‍ഷം മുന്‍പ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് മൊഴി. പൊലീസുകാരന്‍ എന്ന് പരിചയപ്പെട്ട തിരുവനന്തപുരം പാറശാലയ്ക്ക് സമീപം പരശുവയ്ക്കലില്‍ താമസിക്കുന്ന ഗിരീഷിനെതിരെയാണ് മൊഴി. പാസ്പോര്‍ട് ഓഫീസില്‍ വെച്ചാണ് പരിചയപ്പെട്ടതെന്നും മൊഴിയിലുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. എന്നാല്‍ പ്രതിയെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
നേരത്തെ കരിക്കകത്ത് താമസിക്കുന്ന ജ്യോത്സന്‍ ദേവീദാസന്‍ 36 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന മൊഴി നല്‍കിയിരുന്നു. വിശദമായ അന്വേഷണത്തില്‍ ആ പരാതി തെറ്റാണെന്ന് കണ്ടെത്തി. അതിനാല്‍ പീഡന പരാതിയും ശരിയാണോയെന്ന് അന്വേഷിച്ച ശേഷമായിരിക്കും പൊലീസിന്‍റെ തുടര്‍നടപടി.