ആലുവ യു സി കോളേജിനടുത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശി അലിയെന്നയാളാണ് അക്രമം നടത്തിയത്. കുടുംബ സുഹൃത്തുക്കളാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യു സി കോളേജിന് സമീപം കച്ചേരി കടവ് റോഡിൽ വച്ചാണ് സംഭവം.
ആലുവയിൽ സ്കൂട്ടറിലെത്തിയ യുവതിയെ ബൈക്കിൽ വന്ന പ്രതി തടഞ്ഞു നിർത്തിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. യുവതി സമീപത്തെ കടയിൽ ഓടിക്കയറിയതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. തുടർന്ന് യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. യുവതിയെ പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. യുവതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.
സംഭവത്തിൽ യുവതിയുടെ സുഹൃത്ത് മുപ്പത്തടം സ്വദേശി അലിയെ വൈകിട്ടോടെ ആലുവ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. അലിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം അലി കുടുംബ സുഹൃത്താണെന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കി.