പൊലീസിന്‍റെ പരാക്രമങ്ങള്‍ക്കൊപ്പം പൊലീസുകാര്‍ക്കെതിരായുള്ള ആക്രമണങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. കൊച്ചി തൃക്കാക്കരയില്‍ മദ്യലഹരിയില്‍ വാഹനങ്ങള്‍ തടഞ്ഞ അസാംകാരന്‍ എഎസ്ഐയെ കല്ലുകൊണ്ട് ആക്രമിച്ച സംഭവമാണ് ഒടുവിലത്തേത്. തൃക്കാക്കര സ്റ്റേഷനിലെ എഎസ്ഐ ഷിബി കുര്യന് നേരെയായിരുന്നു അസംകാരന്‍ ധനഞ്ജയന്‍റെ ആക്രമണം. രണ്ടാഴ്ചയ്ക്കിടെ കൊച്ചിയില്‍ പൊലീസുകാര്‍ക്കെതിരെയുള്ള മൂന്നാമത്തെ ആക്രമണമാണിത്.
കാക്കനാട് ഈഞ്ചമുക്കിലായിരുന്നു അസംകാരന്‍ ധനഞ്ജയന്‍റെ പരാക്രമം. മദ്യപിച്ച് ലക്കുക്കെട്ട ധനഞ്ജയന്‍ രാത്രി പതിനൊന്ന് മണിയോടെ റോഡിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. വാഹനം തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ നാട്ടുകാര്‍ പൊലീസിനെ വിളിച്ചു. ഇയാളെ പിടികൂടാനെത്തിയതാണ് എഎസ്ഐ ഷിബി കുര്യനും മറ്റൊരു സിവില്‍ പൊലീസ് ഓഫിസറും. പിന്തിരിപ്പിക്കാനെത്തിയ പൊലീസുകാരുടെ യൂണിഫോം പ്രതി വലിച്ചുകീറി. യൂണിഫോമിലെ വിസില്‍കോഡ് പറിച്ചെടുത്ത് പൊലീസുകാരെ ആക്രമിച്ചു. ഇതിന് ശേഷമായിരുന്നു കല്ലുകൊണ്ടുള്ള ആക്രമണം.
എഎസ്ഐ ഷിബിയുടെ നെറ്റിയിലാണ് കല്ല് പതിച്ചത്. ആശുപത്രിയിലെത്തിച്ച എഎസ്ഐയുടെ നെറ്റിയില്‍ ഏഴ് തുന്നിക്കെട്ടുണ്ട്. പ്രതിയെ പൊലീസ് കയ്യോടെ പിടികൂടി. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷന്‍ പരിധിയിലും പ്രതി അതിക്രമം കാട്ടിയെന്നും പരാതിയുണ്ട്. അവിടുത്തെ ഓഫിസില്‍ നിന്ന് മൊബൈലുമായി കടന്നുകളഞ്ഞതും ഇയാളാണെന്നാണ് സൂചന. ഇത് ഉറപ്പിക്കാന്‍ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച അമ്പലമേട് സ്റ്റേഷനില്‍ മോഷണക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ വനിത എഎസ്ഐയെ അടക്കം മൂന്ന് പൊലീസുകാരെയാണ് ആക്രമിച്ചത്. കഴിഞ്ഞ മാസം 28ന് കൗമാരക്കാരന്‍ നോര്‍ത്ത് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഇടിവള കൊണ്ടാണ് ആക്രമിച്ചത്.