പാതിവില തട്ടിപ്പില്‍ കാസര്‍കോട്ട് വീണ്ടും പരാതി. സോഷ്യോ എക്കണോമിക് ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ മറവില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പണം നല്‍കിയത് ആനന്ദകുമാറിനെയും ജ.രാമചന്ദ്രന്‍നായരെയും വിശ്വസിച്ചെന്ന് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. 106 പേരുടെ പണം നഷ്ടമായെന്നും ഭാരവാഹികള്‍.
അനന്തുവിന്‍റെ പണമിടപാടുകൾ സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ വഴിയായിരുന്നു. ആനന്ദകുമാർ പറഞ്ഞത് പ്രകാരം കോടികൾ കൈമാറിയെന്ന് അനന്തുകൃഷ്ണന്റെ മൊഴി നല്‍കിയിട്ടുണ്ട്. തട്ടിപ്പിന്‍റെ ആസൂത്രണത്തിലും ആനന്ദകുമാറിന് പങ്കുണ്ട്. സംഭവത്തില്‍ ആനന്ദകുമാറിനെ ഉടൻ ചോദ്യം ചെയ്യും. തട്ടിപ്പ് നടന്ന ജില്ലകളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പണംവാങ്ങിയെന്നും അനന്തു പറയുന്നു. തട്ടിപ്പ് പുറത്തായത് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെയെന്നും മൊഴി. അനന്തുകൃഷ്ണന്റെ കുറ്റസമ്മത മൊഴി മൂവാറ്റുപുഴ പൊലീസ് കോടതിയിൽ സമർപ്പിക്കും.
അതേസമയം, പാതിവില തട്ടിപ്പില്‍ പറവൂർ വെളിയത്തുനാട് സഹകരണ ബാങ്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി. അനന്തുകൃഷ്ണന്‍റെ തട്ടിപ്പിന് ബാങ്ക് പ്രചാരം നൽകിയെന്നാണ് സിപിഎം ആരോപിക്കുന്നത്. സംരംഭക പദ്ധതിയുടെ പേരിൽ സഹകാരികളിൽ നിന്ന് പിടിച്ചെടുത്തത് കോടികൾ. ബാങ്കിന്റെ ഇടപാടുകളിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യം. ഇതുസംബന്ധിച്ച് സഹകരണ റജിസ്ട്രാർക്കും വിജിലൻസിനും സിപിഎം പരാതി നൽകും.