പാതിവിലത്തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവിറക്കി. 34 കേസുകളാണ് ആദ്യഘട്ടത്തില്‍ കൈമാറുന്നത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കും. പ്രത്യേക സംഘത്തെ രൂപീകരിച്ചുകൊണ്ടുള്ള തീരുമാനവും ഉടന്‍ ഉണ്ടാകും. എറണാകുളത്തും ഇടുക്കിയിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ആദ്യഘട്ടത്തില്‍ റജിസ്റ്റര്‍ ചെയ്തത്. അനന്തുകൃഷ്ണന്‍, സായിഗ്രാം ഗ്ലോബല്‍ ചെയര്‍മാന്‍ കെ.എന്‍.ആനന്ദകുമാര്‍, ഹൈക്കോടതി മുന്‍ ജഡ്ജി സി.എന്‍.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.
പകുതി വിലയ്ക്ക് സ്ത്രീകൾക്ക് സ്‌കൂട്ടറും, ലാപ്ടോപ്പും, തയ്യൽ മെഷിനുകളും നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇയാള്‍ക്കെതിരെ സംസ്ഥാനത്തുടനീളം പരാതികളുണ്ട്. മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്ന് മാത്രം തട്ടിയെടുത്തത് 9 കോടി രൂപയാണ്. 40,000 മുതൽ 60,000 രൂപ വരെയാണ് ഓരോരുത്തർക്കും നഷ്ടമായത്. പ്രതി അനന്തുകൃഷ്ണന്‍ സിഎസ്ആര്‍ ഫണ്ടിനായി സമീപിച്ചത് 200 കമ്പനികളെയാണ്. ഫണ്ട് സമാഹരിക്കാന്‍ സായി ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാറിന്‍റെ ബന്ധങ്ങളും ഉപയോഗപ്പെടുത്തി. സിഎസ്ആര്‍ തട്ടിപ്പിന് മുന്‍പ് ഉന്നമിട്ടത് എംഎസ്എംഇകള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സഹായമെന്നും അനന്തുകൃഷ്ണന്‍റെ മൊഴി. പാതിവില തട്ടിപ്പില്‍ ഹവാല ഇടപാട് നടന്നുവെന്ന സംശയവും പൊലീസിനുണ്ട്. അഞ്ഞൂറ് കൊടിയിലേറെ രൂപ എത്തിയ അനന്തുകൃഷ്ണന്‍റെ അക്കൗണ്ടില്‍ മിച്ചമുള്ളത് അഞ്ച് കോടിയില്‍ താഴെ മാത്രമാണ്. ഓരോ സ്കൂട്ടറിനും കമ്മിഷന്‍ വാങ്ങിയ അനന്തുകൃഷ്ണന്‍ ഇരുചക്ര വാഹന ഡീലര്‍മാര്‍ക്ക് നല്‍കാനുള്ളത് നാല്‍പത് കോടിയിലേറെ രൂപയാണ്.
2019ല്‍ കൂണ്‍കൃഷിയുമായി ബന്ധപ്പെട്ട ക്ലാസുകളെടുത്തും എന്‍ജിഒയുടെ ഭാഗമായിട്ടായിരുന്നു അനന്തു കൃഷ്ണന്‍റെ തുടക്കം. അതില്‍ അഞ്ച് ലക്ഷം വഞ്ചിച്ചുവെന്ന കേസില്‍ മൂന്ന് ദിവസം അനന്തുകൃഷ്ണന്‍ ജയിലില്‍ കിടന്നിട്ടുണ്ട്. തയ്യല്‍ യൂണിറ്റുകള്‍ തുടങ്ങി കേന്ദ്രസര്‍ക്കാരിന്‍റെ സബ്സിഡി പണം തട്ടാനും ശ്രമം നടത്തി. കേന്ദ്രസര്‍ക്കാര്‍ പദ്ധതി നിര്‍ത്തലാക്കിയതോടെ വെട്ടിലായെന്ന് അനന്തുവിന്‍റെ മൊഴി. ഈ ബാധ്യത മറികടക്കാന്‍ കണ്ടെത്തിയ രണ്ടാംഘട്ട പദ്ധതിയാണ് സിഎസ്ആര്‍ ഫണ്ട്. 200 കമ്പനികളില്‍ നിന്ന് സിഎസ്ആര്‍ ഫണ്ട് സമാഹരിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു സ്കൂട്ടര്‍, വീട്ടുപകരണ വിതരണ സ്കീം.