കൊച്ചിയിൽ ട്രാൻസ് വുമണിനെ ആക്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവരാണ് പിടിയിലായത്. ഇരുവരും മാലിന്യടാങ്കറുകളിലെ ഡ്രൈവർമാരാണ്.
വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിക്ക് പാലാരിവട്ടം മെട്രോ സ്റ്റേഷൻ സമീപം സുഹൃത്തിനെ കാത്തിരുന്ന ട്രാൻസ്‌വുമണിനാണ് മർദ്ദനമേറ്റത്. പ്രകോപനം ഒന്നും കൂടാതെയായിരുന്നു ലോറി ഡ്രൈവറിന്റെ മർദ്ദനം. കമ്പി വടി കൊണ്ടുള്ള ആക്രമണത്തിൽ ട്രാൻസ് വിമണിന്റെ കൈയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റു. ആക്രമികൾ എത്തിയ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് പാലാരിവട്ടം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്.
മാലിന്യ ടാങ്കറുകളിലെ ഡ്രൈവർമാരായ ഇവർ മട്ടാഞ്ചേരി, പള്ളുരുത്തി സ്വദേശികളാണ്. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയോടുള്ള വിരോധം കൊണ്ടാണ് മർദ്ദിച്ചത് എന്നാണ് നിഗമനം. വ്യാഴാഴ്ച രാത്രി നഗരത്തിന്റെ രണ്ടിടങ്ങളിൽ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽപ്പെട്ട മറ്റു രണ്ടുപേർക്കെതിരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. ഇവരുടെ പരാതിയിൽ പൊലീസ് കേസും രജിസ്റ്റർ ചെയ്തു. പിടിയിലായവർ തന്നെയാണ് മറ്റിടങ്ങളിലും ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണങ്ങളിൽ പരുക്കേറ്റവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.