mukkam-case
  • ചികില്‍സയിലിരിക്കെയും ഹോട്ടലുടമ ഭീഷണിപ്പെടുത്തിയെന്ന് മുക്കത്തെ യുവതി
  • ‘ കെട്ടിടത്തില്‍നിന്ന് വീണുകിടക്കുമ്പോഴും വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചു’
  • ‘മുന്‍പും ദേവദാസില്‍നിന്ന് മോശം പെരുമാറ്റമുണ്ടായി’

കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് ചാടി പരുക്കേറ്റ യുവതിയുടെ നട‌ുക്കുന്ന  വെളിപ്പെടുത്തല്‍. ചികില്‍സയിലിരിക്കെയും ഹോട്ടലുടമ ഭീഷണിപ്പെടുത്തിയെന്ന്  യുവതി പറഞ്ഞു. കെട്ടിടത്തില്‍നിന്ന് വീണുകിടക്കുമ്പോഴും വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചു. മുന്‍പും ദേവദാസില്‍നിന്ന് മോശം പെരുമാറ്റമുണ്ടായെന്ന് യുവതി പറഞ്ഞു. 

മുക്കം മാമ്പറ്റയിലെ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ കേസിലെ രണ്ട് പ്രതികൾ താമരശ്ശേരി കോടതിയിൽ കീഴടങ്ങിയിരുന്നു. ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരാണ് കീഴടങ്ങിയത്. ഒന്നാം പ്രതി ദേവദാസിനെ കഴിഞ്ഞ ദിവസം കുന്നംകുളത്തുനിന്നും പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ തെളിവെടുപ്പും കഴിഞ്ഞദിവസം പൂര്‍ത്തിയാക്കി.

ലൈംഗിക താൽപര്യത്തോടെ ശരീര വർണന  നടത്തി മുക്കത്തെ സങ്കേതം ഹോട്ടലുടമ ദേവദാസ് ജീവനക്കാരിക്ക് വാട്സാപ്പ് വഴി സന്ദേശങ്ങള്‍  അയച്ചിരുന്നു. മോശമായ പെരുമാറ്റത്തിന് പലവട്ടം മാപ്പ് പറയുന്ന ദേവദാസ് യുവതി പരിക്കു പറ്റി ആശുപത്രിയിലായ ശേഷമാണ് ഭീഷണി സന്ദേശം അയച്ചത്. ഇതിനുള്ള തെളിവും  പൊലീസിന് ലഭിച്ചു. 

'നിനക്കുള്ള ആദ്യ ഡോസാണിത്' എന്നായിരുന്നു ഭീഷണി. പലവട്ടം ദേവദാസ് അപമര്യാദയായി പെരുമാറിയതോടെ ജോലി രാജിവയ്ക്കുന്നതായി യുവതി അറിയിച്ചതോടെയാണ് ക്ഷമാപണം നടത്തി സന്ദേശങ്ങൾ അയച്ചത്. തന്‍റെ ഭാഗത്തുനിന്നും ഇനി മോശമായ ഒരു പെരുമാറ്റവും ഉണ്ടാവില്ലെന്ന് ദേവദാസ് ഉറപ്പു നൽകുന്നു. ബിസിനസ് പരമായ ബന്ധങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അവസാനമായി ഒരവസരം നൽകണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. 

കടമായി നൽകിയ പണം തിരിച്ചയക്കരുത്. 'നീ സങ്കേതത്തിലെ മാലാഖ' ആണെന്നും വാട്സാപ്പ് സന്ദേശത്തിലുണ്ട്. യുവതിയുടെ ശരീരഭാഗങ്ങളെക്കുറിച്ചും ഇയാൾ വർണനകൾ നടത്തുന്നുണ്ട്. മോശമായ പെരുമാറ്റവും സന്ദേശങ്ങളും ഉണ്ടാവരുതെന്ന് യുവതി ആവർത്തിച്ച് ആവശ്യപ്പെടുന്നതും സന്ദേശങ്ങളിൽ വ്യക്തമാണ്. ദേവദാസിൽ നിന്നുള്ള ശല്യം ഏറിയതോടെയാണ് യുവതി ഇക്കാര്യം ഇയാളുടെ ഭാര്യയെ അറിയിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. 

പിന്നീട് ഭീഷണിയുമായി ദേവദാസും ജീവനക്കാരും താമസസ്ഥലത്ത് എത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്നാണ് യുവതി രക്ഷപ്പെടാനായി ഒന്നാം നിലയിൽ നിന്ന് ചാടിയതും ഗുരുതരമായി പരുക്കേറ്റതും. ഒളിവിൽ പോകുന്നതിനിടെ കുന്നംകുളത്ത് വച്ച് പിടിയിലായ ദേവദാസ് റിമാൻഡിലാണ്. ദേവദാസിന്റെ കൂട്ടാളികളായ രണ്ട് ജീവനക്കാർ കീഴടങ്ങി. സുരേഷ്, റിയാസ് എന്നിവരാണ് താമരശ്ശേരി കോടതിയിൽ കീഴടങ്ങിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

ENGLISH SUMMARY:

A young woman in Kozhikode jumped from a building while resisting a rape attempt. Shocking details emerge as authorities investigate the incident.