കൊല്ലം അഞ്ചലിൽ എംഡിഎംഎ കേസിൽ വീണ്ടും അറസ്റ്റ്. എൺപത്തിയാറു ഗ്രാം എംഡിഎംഎയുമായി കോൺഗ്രസിന്റെ പ്രാദേശിക നേതാവും സുഹൃത്തും പിടിയിലായ കേസിൽ നാലുപ്പേർ കൂടി അറസ്റ്റിലായി. അമ്മയും മകനും ഉൾപ്പടെയുള്ളവരാണ് അഞ്ചൽ പൊലീസിന്‍റെ പിടിയിലായത്. കോയിവിള സ്വദേശിയും പ്രാദേശിക കോൺഗ്രസ് നേതാവുമായിരുന്ന ഷിജു കോട്ടവിളയേയും സുഹൃത്തിനേയും കഴിഞ്ഞ നവംബർ 24ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് 86 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. കേസിലാണ് വീണ്ടും അറസ്റ്റ്. എം.ഡി.എം.എ ബംഗളുരുവിൽ നിന്ന് എത്തിച്ചതായിരുന്നു.
അയിലറ സ്വദേശി പ്രദീപിനെ പിടികൂടിയപ്പോഴാണ് അമ്മയും മകനും ഉൾപ്പെടെയുള്ളവരിലേക്ക് അന്വേഷണം എത്തിയത്. തമിഴ്നാട്ടിലും കർണാടകയിലുമായി ലോറി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു പ്രദീപ്. പ്രദീപിനെ ചോദ്യം ചെയ്തപ്പോഴാണ് ആലഞ്ചേരി സ്വദേശിനി ലീന ജേക്കബ്, മകൻ റോണക് സജു ജോർജ്, മകന്‍റെ സുഹൃത്ത് ആകാശ് എന്നിവർ പിടിയിലായത്. എം.ഡി.എം.എ വാങ്ങാനുള്ള പണവും പ്രദീപിന് ഒളിവിൽ താമസിക്കാനുള്ള സൗകര്യവും ഒരുക്കി കൊടുത്തത് ലീന ജേക്കബ് ആണെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, സംഭവത്തിൽ പങ്കില്ലെന്നായിരുന്നു ലീന ജേക്കബ് പൊലീസിനോട് ആവർത്തിച്ചത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.