പരിക്കേറ്റ ഏഴു വയസുകാരന്‍റെ മുറിവ് തുന്നികെട്ടുന്നതിന് പകരം ഫെവിക്വിക്ക് പശ ഒഴിച്ച് നഴ്സിന്‍റെ ക്രൂരത. കര്‍ണാടകയിലെ ഹുബ്ലിക്ക് അടുത്ത് ഹംഗലിലെ അഡുരു പ്രാഥമികാരാഗ്യ കേന്ദ്രത്തിലാണ് സംഭവം. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നഴ്സ് ജ്യോതിയെ സസ്പെന്‍ഡ് ചെയ്യാന്‍ ഹവേരി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിട്ടു.
ജനുവരി 14 നാണ് കളിക്കുന്നതിനിടെ ഏഴു വയസുകാരനായ ഗുരുകൃഷ്ണ അണ്ണപ്പ ഹൊസാമണിക്ക് കാലിനും താടിക്കും ആഴത്തില്‍ പരിക്കേല്‍ക്കുന്നത്. അഡുരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച കുട്ടിക്ക് മതിയായ ചികിത്സ നല്‍കുന്നതിന് പകരം മുറിവില്‍ ഫെവിക്വിക്ക് പഴ ഒഴിച്ച് തുണി ഉപയോഗിച്ച് കെട്ടുകയായിരുന്നു. മൂന്ന് തുന്നലുകള്‍ ആവശ്യമായിടത്താണ് പശവച്ച് ഒട്ടിച്ചത്
തന്‍റെ നടപടിയെ ന്യായീകരിച്ച നഴ്സ് തുന്നലിന്‍റെ പാട് ഒഴിവാക്കാനാണ് ഫെവിക്വിക്ക് ഉപയോഗിച്ചതെന്ന് വ്യക്തമാക്കി. രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുമായിരുന്നു എന്നും ജ്യോതി പറഞ്ഞു. കുട്ടിയുടെ രക്ഷിതാക്കള്‍ ഹെല്‍ത്ത് പ്രൊട്ടോകോള്‍ കമ്മിറ്റിക്ക് പരാതി നല്‍കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.
ഇതിന് പിന്നാലെ ജ്യോതിയില്‍ നിന്നും വിശദീകരണം ചോദിച്ച മെഡിക്കല്‍ ഓഫീസര്‍ ഇവരെ മറ്റൊരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. മെഡിക്കല്‍ ഓഫീസറുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നതോെയാണ് അന്വേഷണം നടക്കുന്നതിനിടെ തന്നെ സസ്പെന്‍ഡ് ചെയ്തത്.