ക്ഷേത്രങ്ങളും വീടുകളും കുത്തിത്തുറന്ന് മോഷണം നടത്തുന്നയാള്‍ പൊലീസിന്‍റെ പിടിയിലായി. കൊല്ലം ചടയമംഗലത്താണ് സംഭവം. അന്‍പത്തിയൊന്‍പതുകാരനായ വാമനപുരം പ്രസാദാണ് പിടിയിലായത്. നിലമേൽ ശ്രീധർമശാസ്താ ക്ഷേത്രത്തിലെ വഞ്ചികൾ കുത്തിത്തുറന്ന് നാല്‍പതിനായിരം രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിനാലിനായിരുന്നു മോഷണം. മോഷണ ശേഷം തിരികെ പോകുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടതിനെ തുടർന്ന് മതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു.
മോഷണ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസാണ് മറ്റൊരു മോഷണക്കേസില്‍ വാമനപുരം പ്രസാദിനെ പിടികൂടിയത്. തുടര്‍ന്ന് ചടയമംഗലം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ നിലമേൽ ക്ഷേത്രത്തിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഭാഗങ്ങളിൽ പകൽ സമയങ്ങളിൽ കറങ്ങി നടക്കുകയും രാത്രികാലങ്ങളിൽ ക്ഷേത്രങ്ങളും വീടുകളും നോക്കിവെച്ച് മോഷണം നടത്തുകയാണ് ഇയാളുടെ രീതി. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ, ശ്രീകാര്യം, വലിയതുറ, വഞ്ചിയൂർ, ചിറയിൻകീഴ്, ചടയമംഗലം പോലീസ് സ്റ്റേഷനുകളിലായി പത്തിലധികം കേസുകളിലെ പ്രതിയാണ് വാമനപുരം പ്രസാദ്.