കോട്ടയം തെള്ളകത്തെ പൊലീസുകാരന്റെ കൊലപാതക കാരണത്തിൽ വ്യക്തത വരുത്താൻ ഒരുങ്ങി അന്വേഷണസംഘം. പ്രതി ജിബിൻ ജോർജിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മറ്റൊരു തട്ടുകട ഉടമയുടെ കൊട്ടേഷൻ ഏറ്റെടുത്താണ് തെള്ളകത്തെ തട്ടുകടയിൽ ജിബിൻ ജോർജ് സംഘർഷമുണ്ടാക്കിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്താൻ.
ഏഴ് കേസുകളിൽ പ്രതിയായ കൊടും കുറ്റവാളി ജിബിൻ ജോർജിന് ജാമ്യം കിട്ടുന്നതിന് മുൻപ് പഴുതടച്ച കുറ്റപത്രം സമർപ്പിക്കുക. ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ മേൽനോട്ടത്തിൽ ഏറ്റുമാനൂർ SHO നടത്തുന്ന അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യമിതാണ്. ഉടൻതന്നെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും..തട്ടുകടക്കാരന്റെ കൊട്ടേഷൻ സംബന്ധിച്ച തെളിവുകൾ ലഭിച്ചാൽ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകും.. തട്ടുകട ഉടമകൾ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെട്ടാണ് പ്രതി സംഘർഷം സൃഷ്ടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
മറ്റൊരു തട്ടുകടക്കാരൻ പറഞ്ഞുതനുസരിച്ച് കൊട്ടേഷൻ ഏറ്റെടുത്ത് വന്ന ജിബിൻ കടയ്ക്ക് മുന്നിലെത്തി സംഘർഷം ഉണ്ടാക്കിയെന്നാണ് നടത്തിപ്പുകാരിയായ സാലിയുടെ മൊഴി. ഫോൺ രേഖകൾ പരിശോധിച്ച് ഇത് ഉറപ്പിക്കും. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും സിവിൽ പൊലീസ് ഓഫീസറുമായ ശ്യാം പ്രസാദ് തട്ടുകടക്കാരും ജിബിനും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനിടെയാണ് ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. വഴിയിലിട്ട് തുടർച്ചയായി നെഞ്ചിൽ ചവിട്ടിയതോടെ വാരിയെൽ ഒടിഞ്ഞ് കയറി ശ്വാസകോശത്തിൽ ഉണ്ടായ രക്തസ്രാവമാണ് മരണകാരണം. ഇന്നലെ രാത്രി 7 മണിയോടെ ശ്യാം പ്രസാദിന്റെ മൃതദേഹം സംസ്കരിച്ചു