പിടികൂടാനെത്തിയപ്പോള്‍ പൊലീസുകാരനെ വെടിവച്ചു വീഴ്ത്തിയ ആഡംബരക്കള്ളന്‍ ഒടുവില്‍ പിടിയില്‍. ഹൈദരാബാദിലെ പബ്ബിലെത്തിയപ്പോഴാണ് 80 കേസുകളില്‍ പ്രതിയായ കൊടുംക്രിമിനലിനെ പൊലീസ് വളഞ്ഞത്.
കവര്‍ച്ചയ്ക്ക് 333 കോടിയുടെ ടാര്‍ജറ്റും പ്ലാനും. നൂറ് സ്ത്രീകളുമായെങ്കിലും ഡേറ്റിങും ആഢംബരം നിറഞ്ഞ ജീവിതം. പൊലീസുകാരനെ വെടിവച്ചു വീഴ്ത്തിയ കുപ്രസിദ്ധ മോഷ്ടാവിന്റെ മൊഴി കേട്ട് മൂക്കത്തു വിരല്‍ വെയ്ക്കുകയാണ് തെലങ്കാന പൊലീസ്. 80 കേസുകളില്‍ പ്രതിയായ ഭോട്ടുലാല്‍ പ്രഭാകര്‍ എന്ന 23കാരന്‍ രണ്ടുവര്‍ഷം മുന്‍പാണ് കസ്റ്റഡിയില്‍ നിന്നു ചാടിപ്പോയത്.
വ്യപക തിരച്ചില്‍ നടക്കുന്നതിനിടെ ഹൈദരാബാദിലെ ഗച്ചിബൗളിയിലെ പബ്ബിലുണ്ടെന്നു വിവരമറിഞ്ഞെത്തിയതായിരുന്നു പൊലീസ്. പബ്ബിനകത്തേക്കു കയറി പൊലീസിനെ വരവേറ്റത് വെടിയുണ്ട. ഇരുകയ്യിലും തോക്കുകളുമായി ഭോട്ടുലാല്‍ പൊലീസിനെ നേരിട്ടു. ഒരു പൊലീസുകാരന്‍ വെടിയേറ്റു വീണു. ശ്രദ്ധ മാറിയ തക്കത്തില്‍ പൊലീസുകാര്‍ ചാടിവീണു.
2 തോക്കുകള്‍, 23 തിരകള്‍ രണ്ടര ലക്ഷം രൂപ എന്നിവ പിടികൂടി. ആഢംബ വീടുകളും സ്ഥാപനങ്ങളും കുത്തിതുറന്നു മോഷണം നടത്തുന്ന പ്രതി എതിര്‍ക്കാന്‍ വരുന്നവരെ നിഷ്ഠൂരമായി കൊല്ലുന്ന സ്വഭാവമുള്ളയാളാണ്.