തനിക്കെതിരെ ഒരു തെളിവും കിട്ടില്ലെന്നും താന്‍ പുല്ലുപോലെ ഇറങ്ങിപ്പോരുമെന്നും പൊലീസിനെ വെല്ലുവിളിച്ച പ്രതിയാണ് സ്വന്തം കൊച്ചുമകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കെപ്പട്ടത്. കൊല്ലം കുണ്ടറയിലെ പ്രമുഖ അഭിഭാഷകന്‍റെ സഹായിയായിരുന്ന പ്രതിക്ക് നിയമത്തെ പറ്റിയുള്ള ബോധ്യമാണ് താന്‍ കേസില്‍ രക്ഷപെടുമെന്നുള്ള ആത്മവിശ്വാസം ഉണ്ടാക്കിയിരുന്നത്. കേസിന്‍റെ ചുരുള്‍ അഴിച്ച ആ അന്വേഷണത്തിന്‍റെ വഴി ഇങ്ങനെയാണ്...
2017 ജനുവരി 15നാണ് കൊല്ലം ജില്ലയിലെ കുണ്ടറയിൽ 10 വയസ്സുള്ള പെൺകുട്ടി ആത്മഹത്യ ചെയ്തത്. കുടുംബപ്രശ്‌നങ്ങൾ കാരണം ഞാൻ ഈ ലോകത്ത് നിന്ന് പോവുകയാണെന്നായിരുന്നു ആത്മഹത്യാ കുറിപ്പ്. ജനലില്‍ തൂങ്ങി മരിക്കുകയായിരുന്നു. ആറാം ക്ലാസുകാരായിയിരുന്ന ആ മകള്‍ സ്വന്തം നോട്ട് ബുക്കിലാണ് ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നത്. സാധാരണ ആത്മഹത്യയെന്നാണ് പൊലീസ് കേസ് എഴുതിയത്, ആത്മഹത്യയുടെ കാരണം അവർ ശ്രദ്ധിച്ചില്ല. പെൺകുട്ടി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് വ്യക്തമായി ചൂണ്ടിക്കാണിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മരണത്തിന് രണ്ട് ദിവസത്തിന് ശേഷം പൊലീസിന് ലഭിച്ചിരുന്നു.
പ്രതി വീട്ടിലുള്ള അപ്പൂപ്പനാണ് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമായി പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി കുട്ടിയുടെ പിതാവ് പറഞ്ഞു. പക്ഷെ പിതാവിനെ പൊലീസ് വിശ്വസിച്ചില്ല. ഇതെപ്പറ്റി അറിഞ്ഞ് റിപ്പോര്‍ട്ടറായിരുന്ന ഞാനും ക്യാമറാമാന്‍ ടി.ആര്‍.ഷാനും കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തുമ്പോള്‍ ആ പിതാവിലെ പരിചയമുണ്ടായിരുന്നില്ല. ഇങ്ങനെ ഒരു കേസിനെപ്പറ്റിയും സ്റ്റേഷനില്‍ കയറിയിറങ്ങുന്ന പിതാവിനെപ്പറ്റിയും ഒരു കടയില്‍ അന്വേഷിക്കുമ്പോള്‍, നീതി തേടി ആ പിതാവ് സ്റ്റേഷനിലുണ്ടായിരുന്നു. പിതാവിനൊപ്പം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമായി നേരെ കുണ്ടറ സിഐയുടെ ക്യാബിനിലെത്തി. ഈ കേസ് എന്താണ് പൊലീസ് അന്വേഷിക്കാത്തത് എന്ന് തിരക്കിയപ്പോള്‍ അത് പത്രക്കാരോട് പറയേണ്ട കാര്യമില്ലെന്നായിരുന്നു മറുപടി. കേസ് അട്ടിമറിക്കപ്പെടുന്ന രീതി മനസിലാക്കി അന്നുച്ചയ്ക്ക് തന്നെ (2017 മാര്‍ച്ച് 15) മനോരമ ന്യൂസ് വാര്‍ത്ത ബ്രേക്ക് ചെയ്തു.
ഉച്ചയോട് തന്നെ യുവജനസംഘടനകള്‍ കുണ്ടറ സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തി. പൊലീസിന് നിക്കകള്ളി ഇല്ലാതെയായി. സ്ഥലം എം.എല്‍.എയും മന്ത്രിയുമായ മേഴ്സികുട്ടിയമ്മക്കെതിരെയും ആക്ഷേപമുയര്‍ന്നു. പക്ഷെ കേസിനെപ്പറ്റി അറിവില്ലാതിരുന്ന മേഴ്സിക്കുട്ടിയമ്മ അന്വേഷണത്തിലെ വീഴ്ച പരിശോധിക്കുമെന്ന് വ്യക്തമാക്കി. അങ്ങിനെ വൈകീട്ടോടെ മുത്തച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടുത്ത ദിവസം നിയമസഭയില്‍ വിഷയം പ്രതിപക്ഷനേതാവ് സബ്മിഷനായിട്ട് ഉന്നയിച്ചു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കുണ്ടറ സിഐ, എസ്ഐ എന്നിവരെ സസ്പെന്‍റ് ചെയ്തുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു.
ചോദ്യം ചെയ്യലില്‍ ഒരിക്കലും പൊലീസിനോട് ആദ്യഘട്ടത്തില്‍ പ്രതി സഹകരിച്ചില്ല. തന്നെ മര്‍ദിച്ചാല്‍ താന്‍ മരിച്ചുപോവുമെന്നും നീയൊക്കെ ജയിലിലാവുമെന്നും പൊലീസിനെ ഭീഷണിപ്പെടുത്തി. മരിച്ച കുട്ടിയുടെതിന് സമാനമായി സഹോദരിയും ലൈംഗിക ചൂഷണത്തിനിരായിട്ടുണ്ടെന്ന് കണ്ടെത്തല്‍ കേസില്‍ നിര്‍ണായകമായി. പ്രതിയുടെ മകളായ കുട്ടികളുടെ അമ്മ സ്വന്തം അച്ഛനെതിരെ മൊഴി നല്‍കാന്‍ തയാറായില്ല. ഒടുവില്‍ മുത്തച്ഛന്‍റെ ലൈംഗിക പീഡനമെല്ലാം അറിഞ്ഞിട്ടും അതിന് ഒത്താശ ചെ്യത മുത്തശ്ശിയും അറസ്റ്റിലായി. വിചാരണക്കിടെ മുത്തശ്ശി മരിച്ചു.
കുണ്ടറയിലെ ഒരു ലോഡ്ജില്‍ മാനേജാരായി ജോലി ചെയ്തിരുന്ന പ്രതി അവിടെ ഇതര സംസ്ഥാന തൊഴിലാളികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരാക്കിയെന്ന് മൊഴികള്‍ പുതിയ അന്വേഷണ സംഘത്തിന് കേസില്‍ കരുത്ത് പകര്‍ന്നു. ഒടുവില്‍ ഏഴു വര്‍ഷത്തിന് ശേഷം വിധി വരുമ്പോള്‍ കുട്ടിയുടെ പിതാവ് മനോരമ ന്യസിനോട് നന്ദി പറയുന്നു. കുട്ടിയുടെ പിതാവിനെ മറ്റൊരു പീഡനക്കേസില്‍ കുടുക്കി വീട്ടില്‍ നിന്ന് ഒഴിവാക്കിയതിന് ശേഷമാണ് മുത്തച്ഛന്‍ കൊച്ചുമക്കളായ പെണ്‍കുട്ടികളെ ലൈെംഗിക ചൂഷണത്തിരായാക്കിയത് . പിതാവിനെതിരെയുള്ള കേസ് കള്ളക്കേസെന്ന് തെളിഞ്ഞെതും പ്രതിയായ മുത്തച്ഛന് തിരിച്ചടിയായി. ഒടുവില്‍ വീണ്ടും ജയിലിലേക്ക്.
പോക്സോ കേസില്‍ വിചാരണ നീളുന്നത് പലപ്പോഴും തിരിച്ചടിയാവാറുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പ്രായത്തില്‍ കുടുംബത്തില്‍ പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ അതേ മൊഴി ആവര്‍ത്തിക്കാറില്ല. മജിസ്ട്രേറ്റിന്‍റെ മുന്‍പില്‍ മൊഴി നല്‍കിയ മൂത്ത കുട്ടി മൊഴി മാറ്റി. ഒട്ടേറെ സാക്ഷികള്‍ മൊഴി മാറ്റിയെങ്കിലും മെഡിക്കല്‍ തെളിവുകളും പ്രതിയുടെ വൈകൃതങ്ങളും കേസില്‍ നിര്‍ണായകമാകുകയായിരുന്നു.