തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തില്‍ ശ്രീതുവും ഹരികുമാറും വീട്ടില്‍വന്നിട്ടില്ലെന്ന് ജ്യോല്‍സ്യന്‍ ദേവീദാസന്‍റെ ഭാര്യ. വീട്ടില്‍ മന്ത്രവാദം നടക്കുന്നില്ല, ജ്യോതിഷം മാത്രമാണ് പഠിപ്പിക്കുന്നത്. കുട്ടിയുടെ മരണവുമായി ദേവീദാസന് ബന്ധമില്ലെന്നും ഭാര്യ ശാന്ത മനോരമ ന്യൂസിനോട് പറഞ്ഞു. സാമ്പത്തിക തിരിമറി കേസ് എന്നുപറഞ്ഞാണ് ദേവീദാസനെ പൊലീസ് കൊണ്ടുപോയതെന്നും ശാന്ത പറഞ്ഞു.
കൊലപാതകം ആഭിചാരക്രിയയുടെ ഭാഗമാണോ എന്ന് കണ്ടെത്താനാണ് കുടുംബവുമായി ബന്ധമുള്ള കരിക്കകം സ്വദേശിയായ ജ്യോത്സ്യൻ പ്രദീപ്കുമാർ എന്ന ശംഖുമുഖം ദേവീദാസനെ ചോദ്യംചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുമായി ശ്രീതുവിന് സാമ്പത്തികഇടപാടുകൾ ഉണ്ടായിരുന്നെന്നും കൊലപാതകം ആഭിചാരക്രിയയുടെ ഭാഗമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, കുഞ്ഞിന്‍റെ കൊലപാതകത്തില്‍ അമ്മാവൻ കുറ്റസമ്മത മൊഴി നൽകിയെങ്കിലും കൊലപാതകത്തിന്‍റെ കാരണം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അമ്മയ്ക്കും അച്ഛനും സഹോദരിക്കും അരികിൽ ഉറങ്ങിയ രണ്ടുവയസുകാരി വേവേന്ദുവിനെ ആരും അറിയാതെ എടുത്തുകൊണ്ടുപോയി കിണറ്റിലെറിഞ്ഞു കൊന്നുവെന്നാണ് അമ്മാവന്‍ ഹരികുമാറിന്‍റെ മൊഴി. കുഞ്ഞുങ്ങളെ ഹരികുമാറിന് ഇഷ്ടമല്ലായിരുന്നുവെന്നും ഉപദ്രവികുമായിരുന്നുവെന്നുമുള്ള അമ്മ ശ്രീതുവിൻ്റെ മൊഴി ഉൾപ്പെടെ പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
കുഞ്ഞിന്‍റെ അമ്മയും അച്ഛനും ഉൾപ്പെടെ സംശയനിഴലിലാണെന്ന് റൂറൽ എസ് പി കെ എസ് സുദർശൻ പറഞ്ഞു. തന്‍റെ ചില താല്പര്യങ്ങൾക്ക് സഹോദരി ശ്രീതു വഴങ്ങാത്തതിലെ വൈരാഗ്യമാണ് കുഞ്ഞിന്മേൽ തീർത്തതെന്ന ഹരികുമാറിന്‍റെ മൊഴിയുടെ പലവശങ്ങളും പോലീസ് പരിശോധിക്കുകയാണ്. കുട്ടിയുടെ മരണത്തിൽ ശ്രീതുവിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് ഭർത്താവ് ശ്രീജിത്തും ഭർതൃപിതാവും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.