ബാലരാമപുരത്ത് അമ്മാവനാല്‍ കൊല്ലപ്പെട്ട രണ്ടുവയസുകാരി ദേവേന്ദുവിന് അമ്മയുടെ കുടുംബ വീട്ടിൽ അന്ത്യനിദ്ര. അച്ഛൻ ശ്രീജിത്തിനെയും അമ്മൂമ്മ ശ്രീകലെയയും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പൊലീസ് എത്തിച്ചിരുന്നു. അമ്മ ശ്രീതു കുഞ്ഞിന്‍റെ സംസ്കാരച്ചടങ്ങ് നടക്കുമ്പോഴും പൊലീസ് കസ്റ്റഡിയിലായിരുന്നു. കൊലയില്‍ അമ്മയ്ക്ക് പങ്കുണ്ടോ എന്നത് പൊലീസ് അന്വേഷിച്ചുവരികയാണ്.
ദേവേന്ദുവിന്‍റെ അമ്മാവൻ ഹരികുമാറിന്‍റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുഞ്ഞിന്‍റെ അച്ഛനെയും മുത്തശ്ശിയെയും ഇന്നലെ വിട്ടയക്കുകയും അമ്മ ശ്രീതുവിനെ പൂജപ്പുരയിലുള്ള സർക്കാരിന്‍റെ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തു. അമ്മയെ ഇനി ഉടൻ ചോദ്യം ചെയ്യേണ്ടെന്നാണ് തീരുമാനം. തട്ടിക്കൊണ്ടുപോകൽ എന്ന് കരുതിയ കേസാണ് അതിക്രൂര കൊലയാണെന്ന് വെളിപ്പെട്ടത്. ALSO READ; കുഞ്ഞ് ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്നത് അമ്മാവന്‍; പൊട്ടിക്കരഞ്ഞ് നാട്
സ്വന്തം കുഞ്ഞാണ് മരിച്ചതെന്ന ദുഃഖം തെല്ലുമില്ലാതെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു അമ്മയുടെയും അമ്മാവന്റെയും ഭാഗത്തു നിന്നുണ്ടായത്. കുട്ടി ആ രാത്രി ആരുടെ കൂടെയാണ് കിടന്നതെന്ന് ചോദിച്ചപ്പോൾ പരസ്പര വിരുദ്ധ മൊഴികൾ നൽകി അച്ഛനെ സംശയ നിഴലിലാക്കാനായിരുന്നു ശ്രമം. ശ്രീതുവിനെയും ഹരികുമാറിനെയും രണ്ട് മുറിയിലാക്കി ഒരേ ചോദ്യം ചോദിച്ചാണ് പൊലീസ് കേസിന്‍റെ ചുരുളഴിച്ചത്. പൊലീസിനോട് പ്രകോപിതനായാണ് ഹരികുമാര്‍ ആദ്യം പെരുമാറിയത്.
‘നിങ്ങള്‍ കണ്ടുപിടിക്കൂ, ഞങ്ങള്‍ക്കെങ്ങനെ അറിയാന്‍ പറ്റും?’ എന്നെല്ലാം പൊലീസിനോട് ചോദിച്ചു. ശ്രീതുവാകട്ടെ സഹോദരനെ സംരക്ഷിക്കുന്ന തരത്തിലുള്ള മറുപടികളാണ് നല്‍കിയത്. എന്നാല്‍ എന്നോടുള്ള അടുപ്പക്കൂടുതല്‍ കൊണ്ട് മക്കളോട് ഹരികുമാര്‍ ദേഷ്യത്തോടെ പെരുമാറിയിട്ടുണ്ടെന്ന് ശ്രീതു പറഞ്ഞത് തുമ്പായി. ഒരിക്കല്‍ ഹരികുമാര്‍ ദേവേന്ദുവിനെ ദേഷ്യത്തില്‍ വലിച്ചെറിഞ്ഞിട്ടുണ്ടെന്നും ശ്രീതു പറഞ്ഞതോടെ അമ്മാവന്‍ കുടുങ്ങി. ALSO READ; അമ്മയെയും അമ്മാവനെയും രണ്ട് മുറിയിലാക്കി ഒരേ ചോദ്യം ചോദിച്ചു; കള്ളക്കളി പൊളിച്ചത് ഇങ്ങനെ
ശ്രീതു ഇപ്പറഞ്ഞ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അരമണിക്കൂര്‍ പോലും പിടിച്ചുനില്‍ക്കാന്‍ ഹരികുമാറിനായില്ല. പുലർച്ചെ 5 മണിയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതി ബാലരാമപുരം പൊലീസിന് ലഭിക്കുന്നത്. ആദ്യ പരിശോധനയിൽ തന്നെ വീട്ടുമുറ്റത്തെ കിണർ മറച്ചിരിക്കുന്ന വല ഒരു ഭാഗത്ത് നീങ്ങിയിരിക്കുന്നത ശ്രദ്ധയിൽപെട്ടു. മൃതദേഹം ലഭിച്ചതോടെ കൊലപാതകി വീട്ടിനുള്ളിൽ തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. കട്ടിലിന് തീയിട്ടും ഷെഡില്‍ മൂന്ന് കുരുക്കിട്ടും തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ പദ്ധതികളെല്ലാം പൊളിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.