ഗുണ്ടാനേതാവ് ഒാംപ്രകാശുമായി യാതൊരു ബന്ധവുമില്ലെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലില്‍ പോയത്. യാദൃശ്ചികമായി അവിടെ ഒാംപ്രകാശ് ഉണ്ടായിരുന്നു. അയാളെ കണ്ടിട്ടില്ല. ആരെന്ന് മനസിലാക്കിയത് വാര്‍ത്ത വന്നശേഷമാണ്. ഗൂഗിളില്‍ തിരഞ്ഞാണ് അദ്ദേഹത്തെക്കുറിച്ച് മനസിലാക്കിയത്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് പൊലീസിനോട് മാത്രമാണെന്നും പ്രയാഗ മാധ്യമങ്ങളോടു പ്രതികരിച്ചു.
Read Also: ‘ശ്രീനാഥ് ഭാസിയും പ്രയാഗയും ഓംപ്രകാശിന്റെ മുറിയില്‍ മണിക്കൂറുകളോളം ചെലവഴിച്ചു’
ലഹരിക്കേസില്‍ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു നടി. നടനും അഭിഭാഷകനുമായ സാബുമോന് ഒപ്പമാണ് പ്രയാഗ എത്തിയത്. പ്രയാഗയ്ക്ക് നിയമസഹായം നല്‍കാനാണ് എത്തിയതെന്ന് സാബുമോന്‍ പറഞ്ഞു.
നേരത്തെ നടന്‍ ശ്രീനാഥ് ഭാസിയെ കൊച്ചി മരട് പൊലീസ് അഞ്ചു മണിക്കൂര്‍ ചോദ്യംചെയ്തു. ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് ശ്രീനാഥ് ഭാസി മൊഴി നല്‍കി. ലഹരിപ്പാര്‍ട്ടി നടന്നതായി അറിവില്ല. ലഹരി ഉപയോഗിച്ചിട്ടില്ല. ഹോട്ടലില്‍ എത്തിയത് ബിനു ജോസഫിന് ഒപ്പമെന്നും ബിനുവുമായി സാമ്പത്തിക ഇടപാടുണ്ടെന്നും താരം മൊഴി നല്‍കി.
പഞ്ചനക്ഷത്രഹോട്ടലിൽ ഗുണ്ടാനേതാവ് സംഘടിപ്പിച്ചത് ലഹരിപാർട്ടിയെന്നാണ് നിഗമനം. ഇരുവരും ഓംപ്രകാശിന്റെ മുറിയിൽ മണിക്കൂറുകളോളം ചെലവഴിച്ചിരുന്നു. കേസിന്റെ എല്ലാവശങ്ങളും പരിശോധിക്കുമെന്ന് കമ്മീഷണര്‍ പുട്ടവിമലാദിത്യ പറഞ്ഞു.