തമിഴ്നാട് കടലൂരില്‍ സിനിമ കഥയെ വെല്ലുന്ന സംഭവങ്ങള്‍ക്കൊടുവില്‍ മാല മോഷ്ടാവ് പിടിയിലായി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ മാല മറ്റൊരു ബൈക്കിലെത്തിയ പ്രതി അജിത്ത് പിടിച്ചുപറിക്കുകയായിരുന്നു. വമ്പന്‍ ട്വിസ്റ്റുകള്‍ക്ക് ഒടുവിലാണ് പ്രതി പിടിയിലായത്.
ഭര്‍ത്താവ് സന്തോഷിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു സുധ. മറ്റൊരു ബൈക്കില്‍ വരികയായിരുന്ന പ്രതി അജിത്ത്, ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കാന്‍ ശ്രമിക്കുന്നത് പോലെ കാണിച്ചു. ഇത് കണ്ട സന്തോഷ് ബൈക്കിന്റെ വേഗത കുറച്ച തക്കം നോക്കി അജിത്ത് സുധയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമിച്ചു. മാല പൊട്ടിക്കുന്നത് തടയാന്‍ സുധ അജിത്തിന്റെ ടീ ഷര്‍ട്ടില്‍ പിടിച്ച് വലിച്ചു. ഇതോടെ രണ്ട് ബൈക്കിലുള്ളവരും വീണു. ഈ തക്കത്തിന് അജിത്ത് മാലയുമായി രക്ഷപ്പെട്ടു. പരുക്കേറ്റ ദമ്പതികള്‍ കടലൂരിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികില്‍സതേടി.
കാര്യം തിരക്കി എത്തിയ പൊലീസുകാരോട് ദമ്പതികള്‍ സംഭവിച്ചതെല്ലാം പറഞ്ഞു. ഇനിയാണ് വമ്പന്‍ ട്വിസ്റ്റുണ്ടാകുന്നത്. മാല ലഭിച്ച സന്തോഷത്തില്‍ മിന്നല്‍ വേഗത്തില്‍ ബൈക്കോടിച്ച് പോയ അജിത്തിന് അപകടത്തില്‍പ്പെട്ട് പരുക്കേറ്റു. പരുക്കേറ്റ് കിടന്ന അജിത്തിെന എത്തിച്ചതാകട്ടെ സുധയെ ചികില്‍സിക്കുന്ന അതേ ആശുപത്രിയില്‍. അജിത്തിനെ കണ്ട് സംശയം തോന്നിയ പൊലീസുകാര്‍ ഇയാളുടെ ഫൊട്ടോയെടുത്ത് സുധയ്ക്ക് കാണിച്ച് കൊടുത്തു. പ്രതിയെ സുധ തിരിച്ചറിഞ്ഞു. മാല നഷ്ടപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കള്ളനെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് സുധയും സന്തോഷും.